പലയിടങ്ങളിലും വാഹനമോഷണം തുടര്‍ക്കഥയാണ്. അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ വാഹനവും മോഷ്ടാക്കളുടെ കൈയിലായേക്കാം. പലപ്പോഴും ഇത്തരം വാഹന മോഷണങ്ങള്‍ക്ക് സഹായകമാകുന്നത് ഉടമയുടെ അല്ലെങ്കില്‍ ഡ്രൈവറുടെ അശ്രദ്ധയാണ്. മിക്ക വാഹനങ്ങളും മോഷണം തടയാന്‍ തക്ക സാങ്കേതികതയോടെയാണ് ഇറങ്ങുന്നത്. എന്നാല്‍ ഇവ ശരിയായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നില്ല.
ഒരല്‍പം ശ്രദ്ധയുണ്ടെങ്കില്‍ വാഹന മോഷണം ഒരു പരിധി വരെ തടയാന്‍ നമുക്ക് തന്നെ സാധിക്കും. ദീര്‍ഘ നേരത്തേക്ക് വാഹനം പാര്‍ക്ക് ചെയ്ത് പോകുമ്പോള്‍ ഡോറുകളെല്ലാം കൃത്യമായി ലോക്കാണെന്ന് ഉറപ്പുവരുത്തണം. തിരക്കാണെങ്കില്‍ പോലും വാഹനം ഒരിടത്തും സ്റ്റാര്‍ട്ടാക്കി പാര്‍ക്ക് ചെയ്ത് പോകരുത്. അടുത്തുള്ള കടയില്‍ പോകുകയാണെങ്കില്‍ കൂടി വാഹനം നിര്‍ത്തി ഓഫ് ചെയ്ത ശേഷം മാത്രം പോകുക.
വീടിനു മുന്നിലായാല്‍ പോലും കാറില്‍ നിന്ന് ഇറങ്ങി പോകുമ്പോള്‍ വിന്‍ഡോ ഗ്ലാസുകള്‍ ഉയര്‍ത്തി ഡോറുകള്‍ ലോക്കു ചെയ്‌തെന്ന് ഉറപ്പു വരുത്തണം. ഇരുചക്ര വാഹനങ്ങള്‍ ഹാന്‍ഡ് ലോക്ക് ചെയ്യാതെ പാര്‍ക്ക് ചെയ്തു പോകരുത്. വിവിധ തരത്തിലുള്ള ഡിസ്‌ക് ടയര്‍ ലോക്കുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. രാത്രി കാലങ്ങളില്‍ ബൈക്ക് വീട്ടില്‍ പാര്‍ക്ക് ചെയ്യുമ്പോഴും ഇത്തരം ലോക്കുകള്‍ ഉപയോഗിക്കുന്നതും നന്നാകും.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്ത് പോകാതിരിക്കുന്നതാണ് നല്ലത്. താക്കോല്‍ കാറില്‍ ഉപേക്ഷിച്ചു പോവാതിരിക്കുക. എവിടെയും താക്കോല്‍ വെച്ച് മറക്കാതിരിക്കാനും ശ്രദ്ധിക്കണം. ആന്റി തെഫ്റ്റ് അലാം സിസ്റ്റവും വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത് നല്ലതാണ്.ആര്‍.സി ബുക്കടക്കമുള്ള വാഹനരേഖകളുടെ ഒറിജിനല്‍ കോപ്പി വാഹനത്തില്‍ സൂക്ഷിക്കരുത്. പൂട്ടുള്ള ഗാരേജിലാണെങ്കിലും പുറത്തിറങ്ങുമ്പോള്‍ താക്കോല്‍ കൈവശം സൂക്ഷിക്കുക.
വിലപിടിപ്പുള്ള വസ്തുക്കള്‍ എല്ലാവര്‍ക്കും കാണുന്ന രീതിയില്‍ കാറില്‍ വച്ച് പോകാതിരിക്കുക. വാഹനം പാര്‍ക്ക് ചെയ്തു പോകുമ്പോള്‍ സ്റ്റിയറിങ് വീലും ബ്രേക്കുകളും ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനം സ്ഥാപിക്കുന്നത് നന്നായിരിക്കും. വാഹനത്തില്‍ ആന്റി തെഫ്റ്റ് ട്രാക്കിങ് സംവിധാനം സ്ഥാപിച്ചാല്‍ മോഷ്ടിക്കപ്പെട്ടാലും കണ്ടെത്താന്‍ എളുപ്പമായിരിക്കും.
സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി ആഡംബര വാഹനനിര്‍മാതാക്കള്‍ കീലസ് ഗോ, സ്മാര്‍ട്ട് കീ സംവിധാനങ്ങള്‍ ഉപയോഗിച്ച് വാഹന ഉടമയ്ക്ക് മാത്രം തുറക്കാന്‍ സാധിക്കുന്ന വിധം താക്കോലുകള്‍ വികസിപ്പിച്ചിട്ടുണ്ട്. ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ സാധാരണ കാറുകളിലും ഈ സംവിധാനം എത്താനാണ് സാധ്യത.