ഉത്തരാഖണ്ഡ്: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനായി വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭ യോഗം അംഗീകാരം നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ആണ് തീരുമാനം. നാളെയാണ് ഏക സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിക്കുന്നത്. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചിരുന്നു. ഫെബ്രുവരി 2ന് കരട് തയ്യാറാക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്നും വരുന്ന നിയമസഭാ സമ്മേളനത്തിൽ പാസാക്കുമെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ അറിയിപ്പ്. അയോധ്യക്ക് പിന്നാലെ ഏകീകൃത സിവിൽകോഡും ലോക്സഭാ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാനാണ് ബിജെപി തീരുമാനം.
തെരഞ്ഞെടുപ്പിന് മുൻപ് മൂന്ന് സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽകോഡ് ബിൽ പാസാക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. അയോധ്യ രാമക്ഷേത്രം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, ഏകീകൃത സിവിൽകോഡ് നടപ്പാക്കൽ എന്നിവ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആയുധങ്ങളാണ്. ആദ്യ രണ്ടും നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു. തുടർന്ന് ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങുകയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച് നടപടികൾ തുടങ്ങിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.