കോഴിക്കോട്: വടകരയില്‍ ഒറ്റ നമ്പര്‍ ലോട്ടറിത്തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വടകര കരിമ്പനപ്പാലം സ്വദേശി രാകേഷ് റോഷന്‍, കൈനാട്ടി സ്വദേശി പ്രദീശന്‍ എന്നിവരാണ് അറസ്റ്റിലായത്. കേരള സംസ്ഥാന ലോട്ടറിയുടെ മറവിലാണ് ഇരുവരും വ്യാപക തിരിമിറി നടത്തിയിരുന്നതെന്ന് പ്രതികളെ അറസ്റ്റ് ചെയ്ത വടകര പോലീസ് പറയുന്നു. ടിക്കറ്റിന്റെ അവസാന നമ്പര്‍ ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഫോണിലൂടെയായിരുന്നു ഇടപാട്. ഇതരസംസ്ഥാന തൊഴിലാളികളും നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നവരും ആയിരുന്നു സംഘം ലക്‌ഷ്യം വെച്ചിരുന്നത്.
സംശയത്തിന് ഇടവരാതിരിക്കാന്‍ രാകേഷ് സംസ്ഥാന ലോട്ടറിയുടെ ഏജന്‍സിയും നടത്തുന്നുണ്ട്. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് രാകേഷ് ഒറ്റ ലോട്ടറിയടിച്ച തുക പ്രദീശന് കൈമാറുമ്പോഴാണ് പോലീസിന്റെ പിടിയിലായത്. പലര്‍ക്കായി കൈമാറാന്‍ കരുതിയിരുന്ന അറുപത്തി അയ്യായിരം രൂപയും പോലീസ് രാകേഷിന്റെ കൈയ്യില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വിവിധയാളുകളുടെ പേരില്‍ മൂന്നക്ക നമ്പര്‍ എഴുതി സൂക്ഷിച്ചിരുന്ന കടലാസും കണ്ടെടുത്തു. വടകരയില്‍ നേരത്തെയും നിരവധി തവണ ഒറ്റ നമ്പര്‍ ലോട്ടറിത്തട്ടിപ്പ് പിടികൂടിയിട്ടുണ്ട്. രാകേഷിനെ ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്. സമാന്തര തട്ടിപ്പ് ഭാഗ്യപരീക്ഷണത്തിലൂടെ സംസ്ഥാന സര്‍ക്കാരിന് കനത്ത നികുതി നഷ്ടമാണുണ്ടാകുന്നത്.