വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുര നാടുതോറും കറങ്ങി നടന്ന് ഹോട്ടലുകളില്‍ താമസിച്ച് ദുഷ്പ്രവര്‍ത്തികള്‍ ചെയ്യുന്നുവെന്നും തിരുവസ്ത്രത്തിന് അനുയോജ്യരല്ലാത്തവരുമായി സമ്പര്‍ക്കം നടത്തുന്നുവെന്നും മോശം പരാമര്‍ശങ്ങളുമായി സഭ കോടതിയില്‍. മാനന്തവാടി രൂപത ബിഷപ്പും എഫ്‌സിസി സഭാ (ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം) അധികൃതരുമാണ് മോശം പരാമര്‍ശങ്ങളുമായി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
എഫ്‌സിസി മഠത്തില്‍നിന്നും പുറത്താക്കിക്കൊണ്ടുള്ള സഭാ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിസ്റ്റര്‍ ലൂസി കളപ്പുര മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സഭാ അധികൃതര്‍ക്ക് കോടതി നോട്ടീസയച്ചിരുന്നു. ഇതിന് മറുപടിയായി മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടവും എഫ്‌സിസി സഭാ അധികൃതരും ചേര്‍ന്ന് നല്‍കിയ സത്യവാങ്മൂലത്തിലാണ് സിസ്റ്റര്‍ ലൂസി സഭാ വിരോധികള്‍ക്കൊപ്പം സദാസമയവും കറങ്ങി നടന്ന് ഹോട്ടലുകളില്‍ താമസിച്ചെന്നുള്ള മോശം പരാമര്‍ശങ്ങള്‍.
സഭയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര കാനോനിക നിയമങ്ങള്‍ ക്കെതിരായാണ് ജീവിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ 51 ദിവസത്തോളം സിസ്റ്റര്‍ മഠത്തിന് പുറത്താണ് കഴിഞ്ഞത്. എങ്ങോട്ട് പോയെന്നോ എവിടെ താമസിച്ചെന്നോ സഭയെ അറിയിച്ചിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത് സഭാ നിയമങ്ങള്‍ക്ക് വിരുദ്ദമാണ്. വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘമടക്കം സിസ്റ്ററെ മഠത്തില്‍നിന്നും പുറത്താക്കി കൊണ്ടുള്ള നടപടി ശരിവച്ച സാഹചര്യത്തില്‍ കാരയ്ക്കാമല എഫ്‌സിസി മഠത്തില്‍ സ്ഥലം കയ്യേറിയാണ് സിസ്റ്റര്‍ താമസിക്കുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്.