ന്യൂഡല്‍ഹി : സ്വര്‍ണക്കടത്ത് കേസിന്റെ പേരില്‍ കേരളത്തിലെ സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അസ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിനുള്ള കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ശ്രമത്തെ ജനം പരാജയപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്വേഷണത്തില്‍ എല്ലാം തെളിയട്ടെ. കുറ്റക്കാരെയെല്ലാം നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. പാര്‍ട്ടി ആര്‍ക്കും ക്ളീന്‍ ചിറ്റ് നല്‍കുന്നില്ല. എന്‍.ഐ.എയ്ക്ക് ആരെക്കുറിച്ചും അന്വേഷിക്കാം. ഓഹരി കുംഭകോണം പോലെയല്ല സ്വര്‍ണക്കടത്ത്. അന്ന് അന്വേഷണത്തെ എതിര്‍ത്തത് കൊണ്ടാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതെന്നും യെച്ചൂരി പറഞ്ഞു. കൊവിഡ് ഭീഷണി തുടരുന്നതിനിടെയും ഈ കേസ് ഉപയോഗിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സിയാണ് സ്വര്‍ണക്കടത്ത് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.