കുളനട : ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ കെ ശിവദാസൻ നായരുടെ കുളനട പഞ്ചായത്തിലെ പര്യടന പരിപാടി ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ശബരിമല വിഷയത്തിൽ ഖേദിച്ച കടകംപള്ളിയോട് കോപിക്കുന്ന പാർട്ടിനേതാക്കളാണ് സിപിഎമ്മിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് ഭരണത്തിലും തെരഞ്ഞെടുപ്പിലും ഇടതുപക്ഷം പ്രയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശിവദാസൻ നായർ എംഎൽഎ ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും എപ്പോഴും സമീപിക്കാവുന്ന സാഹചര്യമുണ്ടായിരുന്നു എന്ന് ബാബു ജോർജ്ജ് പറഞ്ഞു. ഇപ്പോൾ ഇടതുപക്ഷ പ്രവർത്തകർ തന്നെ എംഎൽഎയുടെ വീടും ഓഫീസും അന്വേഷിച്ച് നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ പി എ സാജുദ്ദീൻ, തുളസീധരൻപിള്ള, വിനീത അനിൽ തുടങ്ങിയവർ പ്രസംഗിച്ചു. പ്രവർത്തകർ ഷാളണിയിച്ച് സ്വീകരിച്ചതിന് ശേഷം പേര് വിളിക്കാത്ത ആരെങ്കിലും ഉണ്ടോ എന്നന്വേഷിച്ചപ്പോഴാണ് ഇമ്മാനുവൽ എന്ന കൊച്ചുമിടുക്കൾ ഷാളണിയിക്കാൻ എത്തിയത്.
ഉദ്ഘാടനത്തിന് ശേഷം പര്യടന വാഹനം ഗുരുനാഥൻമകുടി ക്ഷേത്രത്തിന് സമീപത്തുകൂടിയുള്ള വഴിയിലൂടെ കൈപ്പുഴ ഭാഗത്ത് എത്തിയപ്പോള്‍ പരാതിയുമായി നാട്ടുകാരിൽ ചിലർ എത്തി. റേഷൻകാർഡ് സംബന്ധിച്ചും ക്ഷേമ പെൻഷൻ ലഭിക്കുന്നില്ലെതുമാണ് പരാതിയായി നല്‍കിയത്. ഇവ പരിഹരിക്കാൻ ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവരെ ചുമതലപ്പെടുത്തി യാത്ര തുടർന്നു. കുളനട ജംക്ഷൻ വഴി മാന്തുക വഴി ഞെട്ടൂരിൽ സ്വീകരണത്തിന് ശേഷം തേരകത്തിനാൽ ജംക്ഷനിൽ എത്തി.
കഴിഞ്ഞ പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ട എംഎൽഎ പ്രദേശത്തെ റോഡ് വികസനത്തിന് എതിര് നിന്ന കാര്യം നാട്ടുകാർ അറിയിച്ചു. പ്രശ്നത്തിന് പരിഹാരം കാണുമെന്ന ഉറപ്പും ശിവദാസന്‍ നായര്‍ നൽകി. കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ യാത്ര തുടർന്നു. ഉള്ളന്നൂർ, പൈവഴി എന്നിവിടങ്ങൾ ഒട്ടേറെ പാർട്ടിപ്രവർത്തകരും സാധാരണക്കാരും ഹാരാർപ്പണം നടത്തി. പാണിൽ, രാമൻചിറ, അമ്പലക്കടവ്, മണത്തറ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഉളനാട്ടിൽ പ്രചാരണം സമാപിച്ചു. ആന്റോ ആന്റണി എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.