കുമ്പനാട് : ആറന്മുള നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ കെ ശിവദാസൻ നായരുടെ കോയിപ്രം ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനപരിപാടി ആർഎസ്പി ജില്ലാ സെക്രട്ടറി അഡ്വ ജോർജ്ജ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. പ്രളയത്തിൽ നഷ്ടം നേരിട്ട വ്യാപാരികൾക്ക് നാളിതുവരെ യാതൊരു സഹായവും ചെയ്യാത്ത സർക്കാർ അനർഹർക്ക് സഹായം വാരിക്കോരി നൽകിയതായി അദ്ദേഹം പറഞ്ഞു.
കോയിപ്രം ചെറുവള്ളിപ്പടിയിൽ നിന്നാണ് സ്ഥാനാർഥി പര്യടനം ആരംഭിച്ചത്. പ്രളയകാലത്ത് ചെറുവള്ളിപ്പടിയിൽ നൂറ് കണക്കിന് വീടുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു. ആളുകളെ രക്ഷപെടുത്തണമെന്നാവശ്യപ്പെട്ട് ചെറുവള്ളിപ്പടിയിൽ ആരോ വരച്ച സ്കെച്ച് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ സ്ഥാനാർഥി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
പര്യടന പരിപാടിയിൽ കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണമല, അന്നപൂർണ ദേവി, എ സുരേഷ് കുമാർ, ഷാം കുരുവിള, ജോർജ്ജ് കുന്നപ്പുഴ, സുബിൻ നീറുംപ്ളാക്കൽ, അനിൽകുമാർ, സി കെ ശശി, ആശ സി ജി എന്നിവർ പ്രസംഗിച്ചു. കരിയിലമുക്ക്, കുന്നത്തുംകര മീനാറംകുന്ന് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം നെല്ലിമലയിൽ സമാപിച്ചു.
ഉച്ചക്ക് ശേഷം കനത്ത മഴയെതുടർന്ന് കുമ്പനാട് നടന്ന സ്വീകരണ പരിപാടി അല്പ സമയം നിർത്തിവെച്ചു. തുടർന്ന് മഴയെ അവഗണിച്ച് ചെമ്പകശ്ശേരിപ്പടി , മുട്ടുമൺ, ഐരക്കാവ്, വള്ളിക്കാല, കുറവൻകുഴി എന്നിവിടങ്ങളിൽ നടത്തിയ പര്യടനത്തിന് ശേഷം തെറ്റുപാറയിൽ സമാപിച്ചു.