കൊച്ചി: ഇന്ന് മഹാ ശിവരാത്രി. ആഘോഷങ്ങള്‍ക്കായി ഒരുങ്ങി ആലുവ മണപ്പുറവും മഹാദേവ ക്ഷേത്രവും . ഹൈന്ദവരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ശിവരാത്രി. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് വരാറ്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് മറ്റ് വ്രതങ്ങളൊന്നും അനുഷ്ഠിക്കാത്തവര്‍ ശിവരാത്രിവ്രതം മാത്രം അനുഷ്ഠിച്ചാല്‍ സകലവ്രതങ്ങളുമനുഷ്ഠിച്ച ഫലമുണ്ടാകുമെന്ന് പറയുന്നത്. ഭക്തിയോടുകൂടിയുള്ള വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാന്‍ ഉത്തമമാണെന്നാണ് വിശ്വാസം.
ഇന്ന് അര്‍ധരാത്രി ക്ഷേത്രത്തില്‍ ശിവരാത്രി വിളക്കും വിശേഷാല്‍ പൂജകളും നടക്കുന്നതോടെ ബലിതര്‍പ്പണം ആരംഭിക്കും. ശിവപഞ്ചാക്ഷരീ മന്ത്രം ജപിച്ച് മണപ്പുറത്ത് തങ്ങുന്ന വിശ്വാസികള്‍ പെരിയാറില്‍ മുങ്ങി പിതൃക്കള്‍ക്ക് ബലി അര്‍പ്പിച്ച് മടങ്ങും. ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് മേല്‍ശാന്തി മുല്ലപ്പള്ളി ശങ്കരന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിക്കും. ലേലം ചെയ്തുകൊടുത്ത 150-ഓളം ബലിത്തറകളും ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തുന്ന ആറ് ബലിത്തറകളുമാണ് മണപ്പുറത്തുണ്ടാവുക. ബലിതര്‍പ്പണത്തിന് 75 രൂപയാണ് ഫീസ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ആലുവ നഗരസഭയും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ചേര്‍ന്ന് മണപ്പുറത്തെത്തുന്നവര്‍ക്ക് സുരക്ഷയും സൗകര്യവും ഒരുക്കിയിട്ടുണ്ട്