കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നു. ശിവശങ്കര്‍ ഇപ്പോള്‍ പ്രതി അല്ലാത്തതിനാല്‍ അറസ്റ്റിനെ ഭയക്കേണ്ടെന്നും ജാമ്യഹര്‍ജി തളളണമെന്നും കോടതിയില്‍ കസ്റ്റംസ് അറിയിച്ചു. ഹര്‍ജി നിലനില്‍ക്കില്ലെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. കളളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചിട്ടില്ലെന്നും തന്റെ ജോലിയും കുടുംബവും നശിച്ചു. സമൂഹത്തില്‍ തന്നെ ഒറ്റപ്പെടുത്തിയെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു.
കസ്റ്റംസും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. രണ്ടിലും ഇന്നു തന്നെ വിധിയുണ്ടാകുമെന്നാണ് സൂചന. ഇരു കേസുകളിലും ഇന്നുവരെയാണ് ഹൈക്കോടതി ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞിട്ടുള്ളത്.
ശിവശങ്കറിനെ ഇപ്പോള്‍ പ്രതിചേര്‍ക്കുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കിയിരുന്നു. ഇന്നലെ രാവിലെ എറണാകുളത്തെ എന്‍.ഐ.എ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍, അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലുമായി സഹകരിച്ചിട്ടുണ്ടെന്നും സ്വര്‍ണക്കടത്തിലോ അനുബന്ധ കേസുകളിലോ തനിക്കു ബന്ധമില്ലെന്നും ശിവശങ്കര്‍ വ്യക്തമാക്കി. നിലവില്‍ ശിവശങ്കറിനെ പ്രതി ചേര്‍ക്കാന്‍ ഉദ്ദേശ്യമില്ലെന്നും അന്വേഷണം പുരോഗമിക്കുമ്പോള്‍ കാര്യങ്ങള്‍ മാറാമെന്നും ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അപക്വമാണെന്നും എന്‍.ഐ.എ പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇതു രേഖപ്പെടുത്തിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.