കൊച്ചി: സ്വര്‍ണകള്ളക്കടത്തു സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം ലഭിച്ചു. ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡോളര്‍ കടത്തുകേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ശിവശങ്കറിന് പുറത്തിറങ്ങാം. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് ശിവശങ്കര്‍.
സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെതിരെ മൂന്ന് കേസുകളാണ് നിലവിലുള്ളത്. കള്ളപ്പണം വെളുപ്പിച്ചതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തിരുന്നു. സ്വര്‍ണകള്ളക്കടത്തിനും ഡോളര്‍ കടത്തിനും കസ്റ്റംസ് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഇന്ന് രാവിലെ എം. ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ജാമ്യം ലഭിച്ചത്.
ഇഡി രജിസ്റ്റര്‍ കേസുമായി നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അപേക്ഷ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.