ഭഗൽപൂർ: ബിഹാറിലെ ഭഗൽപൂരിൽ കുളത്തിൽ കുളിക്കുന്നതിനിടെ ആറ് കുട്ടികൾ മുങ്ങി മരിച്ചു. ‘കർമധർമ’ ഉത്സവത്തിന് മുന്നോടിയായുള്ള ആചാരങ്ങളുടെ ഭാഗമായി കുളത്തിലിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. 12നും 14നും ഇടയിൽ പ്രായമുള്ള മൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് മരിച്ചത്. ബിഹാറിലും സമീപ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങൾക്കിടയിലും നടക്കുന്ന ആചാരപരമായ ഉത്സവമാണ് ‘കർമധർമ’. ഇതിന്റെ ഭാഗമായി കുളിക്കുന്നതിന് ഏഴ് കുട്ടികളാണ് കുളത്തിലേക്ക് എത്തിയത്. കുളത്തിലിറങ്ങിയ ഒരു കുട്ടി ആദ്യം വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടപ്പോൾ രക്ഷിക്കാനായി മറ്റ് കുട്ടികളും ഇറങ്ങുകയായിരുന്നു. ഇതോടെ ആറു കുട്ടികളും മുങ്ങിപ്പോയി. കൂടെയുണ്ടായിരുന്ന ഏഴാമത്തെ കുട്ടി മറ്റുള്ളവർ മുങ്ങിത്താഴുന്നത് കണ്ട് പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികളും പോലീസും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവം നടക്കുമ്പോൾ കുട്ടികളുടെ കൂടെ മുതിർന്ന ആരും ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കുട്ടികളുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായവും ബിഹാർ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.































