തൃശൂർ: വടക്കാഞ്ചേരിയിൽ ആനയെ കൊന്ന് കൊമ്പെടുത്ത് കുഴിച്ചുമൂടിയ സംഭവത്തിൽ ആറു പേരെ തിരിച്ചറിഞ്ഞു. മുള്ളൂർക്കര വാഴക്കോട് മണിയഞ്ചിറ വീട്ടിൽ റോയിയും വാഴക്കോട്ടെ രണ്ട് സുഹൃത്തുക്കളും കുമളിയിൽ നിന്നുള്ള മൂന്നു പേരുമാണ് ആനയെ കുഴിച്ചിട്ടതെന്ന് ഫോറസ്റ്റ് വകുപ്പ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റോയിയുടെ പാലായിലെ ബന്ധുക്കൾ വഴി കുമളിയിൽ നിന്നാണ് മൂന്നു പേരെ വിളിച്ചു വരുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ആനയെ വേട്ടയാടി പരിചയമുള്ളത് കൊണ്ടാണ് കുമളി സ്വദേശികളെ എത്തിച്ചതെന്നാണ് കണ്ടെത്തൽ. അതേസമയം, ഗോവയിലുള്ള റോയിയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വനം വകുപ്പ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മറ്റുള്ള നാലു പേരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
രണ്ടാഴ്ച മുമ്പ് കോടനാട്ടു നിന്ന് ആനക്കൊമ്പുമായി ഒരാളെ വനം വകുപ്പ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്. റബർ തോട്ടത്തിൽ കാട്ടുപന്നിയുൾപ്പെടെ വന്യമൃഗശല്യം തടയാൻ കെട്ടിയ കമ്പിയിലേക്ക് വൈദ്യുതി കടത്തിവിട്ട് ഷോക്കേൽപിച്ചാണ് ആനയെ കൊന്നത്. റോയിയുടെ റബർ തോട്ടത്തിലാണ് കാട്ടാനയെ കുഴിച്ചുമൂടിയത്ജ ഡാവശിഷ്ടങ്ങളിൽ ഒരു കൊമ്പ്, തലയോട്ടി, എല്ലുകൾ എന്നിവ കണ്ടെടുത്തതിൽ ഉൾപ്പെടും. ജഡത്തിന് 20 ദിവസത്തിലധികം പഴക്കമുണ്ട്. ജഡം പെട്ടെന്ന് മണ്ണിലലിയാൻ കോഴിക്കാഷ്ടം ചാക്കുകണക്കിന് ഇട്ടാണ് പത്തടിയോളം താഴ്ചയിൽ കുഴിയെടുത്ത് മണ്ണിട്ട് മൂടിയിരുന്നത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു വനംവകുപ്പ് വെള്ളിയാഴ്ച രാവിലെ പരിശോധന നടത്തിയത്.