റാന്നി: പുതുശ്ശേരിമല പള്ളിക്കമുരുപ്പ് ആനന്ദന്റെ പുരയിടത്തിൽ ഇന്ന് രാവിലെ പത്തരയോടെയാണ് പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്. കാട് വൃത്തിയാക്കാനെത്തിയ അയൽക്കൂട്ടത്തിലെ സ്ത്രീകളാണ് ആദ്യം കണ്ടത്. അവർ പോലീസ് സ്റ്റേഷനിൽ അറിയിച്ചത് പ്രകാരം റാന്നി പോലീസ് സ്ഥലത്തെത്തി. ശാസ്ത്രീയ അന്വേഷണ വിഭാഗവും മറ്റും തെളിവുകൾ ശേഖരിച്ചു. പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ചു.
വടശ്ശേരിക്കര പള്ളിക്കമുരുപ്പ് കിഴക്കേചരുവിൽ സുധാകര(61) ന്റെ അസ്ഥികൂടമാണെന്ന് കരുതുന്നു. വസ്ത്രങ്ങൾ ഇയാൾ വീട്ടിൽ നിന്ന് പോകുമ്പോൾ ധരിച്ചിരുന്നതാണെന്ന് കണ്ടെത്തിയതിൽ നിന്നാണ് അനുമാനം. ഇയാളെ കാണാനില്ലെന്ന വിവരത്തിന് മകളുടെ ഭർത്താവ് അനിൽകുമാറിന്റെ മൊഴിവാങ്ങി റാന്നി പോലീസ് ജൂലൈ ഏഴിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആറിന് രാവിലെ 8 മണിക്ക് ഇടക്കുളത്ത് പണിയുണ്ടെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. റാന്നി പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.