അമ്പലപ്പുഴ: കോണ്‍ക്രീറ്റ് സ്ലാബ് വീണ് കുടുങ്ങിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷപെടുത്തി. കോണ്‍ക്രീറ്റ് തട്ട് പൊളിക്കുന്നതിനിടെയാണ് അപകടം നടന്നത്. കരുമാടി സ്വദേശി മിഥുനാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെ 11 ഓടെയായിരുന്നു അപകടം. പുറക്കാട് പുത്തന്‍ നടക്കു സമീപം കല്ലുപുരക്കല്‍ തോപ്പില്‍ ബിജുവിന്റെ വീടിന്റെ നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്. അമ്പലപ്പുഴ എസ്‌ഐ ടോള്‍സണ്‍ പി ജോസഫിന്റെ നേതൃത്വത്തില്‍ പോലീസും തകഴി, ഹരിപ്പാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നെത്തിയ 20 ഓളം ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ മിഥുനെ സ്ലാബുകള്‍ക്കിടയില്‍ നിന്ന് രക്ഷപെടുത്തുകയായിരുന്നു. ഇതിനു ശേഷം ആംബുലന്‍സില്‍ യുവാവിനെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി. മിഥുന്റെ വലത് കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്.
കോണ്‍ക്രീറ്റ് ചെയ്ത സണ്‍ഷൈഡിന്റെ മുട്ട് മാറ്റുന്നതിനിടെയാണ് സ്ലാബ് തകര്‍ന്ന് മിഥുന്റെ കാലില്‍ വീണത്. സ്ലാബുകള്‍ക്കിടയില്‍ കാല്‍ കുടുങ്ങിക്കിടന്ന മിഥുനെ ഒപ്പമുണ്ടായിരുന്ന ജന്‍സണ്‍ താങ്ങി നിര്‍ത്തുകയും തുടര്‍ന്ന് അപകട വിവരമറിഞ്ഞെത്തിയ പഞ്ചായത്തംഗം സുഭാഷ് അമ്പലപ്പുഴ പോലീസിലും ഫയര്‍ ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.