ന്യൂഡൽഹി: തായ്‌ലൻഡിലെ ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്കു പറന്ന എയർ ഇന്ത്യ വിമാനം ആകാശത്ത് നിയന്ത്രണം വിട്ടു താഴേക്കു പതിച്ച സംഭവത്തിൽ പൈലറ്റിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ. പൈലറ്റിന് ഉറക്ക സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നെന്നും അതിനായി അദ്ദേഹം മരുന്നു കഴിച്ചിരുന്നെന്നും വിമാനക്കമ്പനിയുടെ ആഭ്യന്തര സുരക്ഷാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം ഉറക്കം ലഭിക്കാത്തതിനെ തുടർന്ന് കുടുംബ ഡോക്ടറാണ് ഈ മരുന്നുകൾ നൽകിയതെന്നും, ഡ്യൂട്ടികൾക്കിടയിലെ വിശ്രമവേളകളിൽ ഉറങ്ങാൻ ശ്രമിച്ചിട്ടും കഴിഞ്ഞിരുന്നില്ലെന്നും പൈലറ്റ് മൊഴി നൽകിയിട്ടുണ്ട്.
ഈ സംഭവത്തിന് മുന്നോടിയായി നടത്തിയ ലഹരിപരിശോധനകളിൽ പൈലറ്റ് മരിജുവാന ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഡൽഹിയിൽനിന്ന് ഫുക്കറ്റിലേക്കുള്ള യാത്രയ്ക്കിടെ ജീവനക്കാരനോട് കയർത്തു സംസാരിച്ച പൈലറ്റ്, പ്രശ്നം പരിഹരിക്കാനായി ഫുക്കറ്റിൽ വെച്ച് ക്രൂ അംഗങ്ങൾക്ക് പാർട്ടി നൽകിയിരുന്നു. അവിടെവെച്ചും പൈലറ്റ് ലഹരി ഉപയോഗിച്ചതായി സഹപ്രവർത്തകർ വിമാനക്കമ്പനിക്ക് വിവരം നൽകിയിട്ടുണ്ട്. കൂടാതെ, വിമാനം അപകടത്തിൽ പെട്ട സമയത്ത് പൈലറ്റ് സീറ്റിലുണ്ടായിരുന്നില്ലെന്നും കോക്പിറ്റിൽ നിലത്തിരിക്കുകയായിരുന്നെന്നും, ആ സമയത്ത് കോ പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം നാലിന് 137 യാത്രക്കാരുമായി ഡൽഹിയിലേക്ക് വരികയായിരുന്ന എയർബസ് എ320 വിമാനം ഒഡീഷയ്ക്കു മുകളിൽവച്ച് പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ നാല് ക്രൂ അംഗങ്ങൾ ഉൾപ്പെടെ 17 പേർക്ക് പരുക്കേറ്റു. ആദ്യം വിമാനം ആകാശച്ചുഴിയിൽപെട്ടതാണെന്നായിരുന്നു വിശദീകരിച്ചതെങ്കിലും, പൈലറ്റിന്റെ ലഹരി ഉപയോഗവും അസ്വാഭാവിക പെരുമാറ്റവും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി മാറുകയായിരുന്നു.































