തിരുവനന്തപുരം: തന്‍റെ പ്രതികരണം പോലും ജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രിയോട് അടുപ്പമുള്ളയാൾ ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പിടിക്കപ്പെട്ടപ്പോൾ സർക്കാർ ലഹരിയുടെ പക്ഷത്തേക്ക് മാറിയോയെന്ന് സംശയിക്കുന്നെന്നും അറസ്റ്റുമായി ബന്ധപ്പെട്ട വാർത്തകൾ ഇന്ത്യയിൽ കാണാൻ സാധിക്കാത്ത വിധം നിയന്ത്രിക്കുകയാണെന്നും പിണറായി ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. ലഹരിക്കേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശിയും പെരുമ്പാവൂർ വലിയകുളം യൂത്ത് കോൺഗ്രസ് യൂണിറ്റ് ഭാരവാഹിയുമായിരുന്ന കെ.എച്ച് ഹുസൈൻ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ സോഷ്യൽ മീഡിയ കോർഡിനേറ്ററാണെന്ന് സിപിഎം ആരോപിച്ചിരുന്നു.
ഇതുസംബന്ധിച്ച് വിവിധ മലയാളം മാധ്യമങ്ങളുടെ ന്യൂസ് കാർഡുകളും പോസ്റ്റുകളും മെറ്റ നീക്കം ചെയ്തിരുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. ഇതേസംബന്ധിച്ച് രാവിലെ പത്രസമ്മേളനത്തിൽ താൻ നൽകിയ പ്രതികരണവും മീഡിയ സെൻസർഷിപ്പ് ഏർപ്പെടുത്തി നീക്കം ചെയ്തുവെന്നും പിണറായി പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ‘മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ എന്നു സ്വയം അവകാശപ്പെടുന്ന വ്യക്തിയെ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവന്നത് സംബന്ധിച്ച പോസ്റ്റുകൾ നീക്കം ചെയ്യിച്ച സോഷ്യൽ മീഡിയാ സെൻസറിംഗിനെതിരെ ഇന്ന് ഞാൻ പത്രസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. എന്നാൽ ആ വാർത്ത പോലും ജനങ്ങളിൽ നിന്നു മറച്ചു വയ്ക്കാൻ സർക്കാർ ഇടപെട്ടിരിക്കുന്നു. എൻ്റെ അത് സംബന്ധിച്ച പ്രസ്താവനക്കും അപ്രഖ്യാപിത സോഷ്യൽ മീഡിയ സെൻസർഷിപ്പ് ഏർപ്പെടുത്തി നീക്കം ചെയ്ത സംസ്ഥാന സർക്കാറിൻ്റെ നടപടിയുണ്ടായിരിക്കുന്നു.’ പിണറായി വ്യക്തമാക്കി.






























