റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ദിനത്തിൽ റാന്നി പമ്പ മണപ്പുറത്ത് വിപുലമായ ചടങ്ങുകളോടെ ബലിതർപ്പണം നടന്നു. പുലർച്ചെ മുതൽ തന്നെ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പിതൃതർപ്പണത്തിനായി പമ്പാതീരത്തേക്ക് ഒഴുകിയെത്തിയത്. ചടങ്ങുകൾക്ക് പ്രമുഖ പുരോഹിതന്മാരും തന്ത്രിമാരും നേതൃത്വം നൽകി. ഭക്തജനങ്ങൾക്ക് തടസ്സമില്ലാതെ ബലിതർപ്പണം നടത്തുന്നതിനായി പ്രത്യേക മണ്ഡപങ്ങളും ഘാട്ടുകളും മണപ്പുറത്ത് സജ്ജീകരിച്ചിരുന്നു. റാന്നി പമ്പ മണപ്പുറത്തിന് പുറമേ പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളിലും സംഘടനകളുടെ നേതൃത്വത്തിലും കർക്കടക വാവുബലി ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു.അത്തിക്കയം എസ്.എൻ.ഡി.പി ഗുരുമന്ദിരത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനകളും തർപ്പണ ചടങ്ങുകളും ക്രമീകരിച്ചിരുന്നു.
പരുവ ശിവക്ഷേത്രത്തിൽ പുലർച്ചെ മുതൽ പ്രത്യേക പൂജകളും പിതൃതർപ്പണത്തിനായി വൻ ഭക്തജന തിരക്കും അനുഭവപ്പെട്ടു. വടശേരിക്കര ചെറുക്കാവ് ദേവി ക്ഷേത്രത്തിലും വാവുബലിയോടനുബന്ധിച്ച് തർപ്പണ ചടങ്ങുകളും വഴിപാടുകളും നടന്നു. ഇടമുറി ശിവക്ഷേത്രത്തിലും വാവുബലി ചടങ്ങുകള്‍ നടന്നു. മാടമൺ ക്ഷേത്ര കടവുകളിലും പരിസരങ്ങളിലും നിരവധി ആളുകളാണ് പിതൃതർപ്പണത്തിനായി എത്തിയത്. പമ്പാനദിയിലെ ജലനിരപ്പ് കണക്കിലെടുത്ത് പോലീസ്, ഫയർഫോഴ്സ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ ശക്തമായ സുരക്ഷാ മുൻകരുതലുകളും പ്രദേശത്ത് ഏർപ്പെടുത്തിയിരുന്നു. ഭക്തജനങ്ങൾക്ക് ആവശ്യമായ കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും സംഘാടകർ ഒരുക്കിയിരുന്നു.






























