തിരുവനന്തപുരം: കരയിലും കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ഉടൻ തന്നെ തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. ഇതിനുപുറമേ മധ്യപ്രദേശിന് മുകളിലും മറ്റൊരു ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മലയോര മേഖലകളിൽ ഉൾപ്പെടെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകും. കാലാവസ്ഥാ പ്രവചനത്തിന്റെ ഭാഗമായി നാളെ (ഓഗസ്റ്റ് 13) കണ്ണൂർ, കാസർകോട് ജില്ലകളിലും 14-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയ്‌ക്കൊപ്പം കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ നാളെ പുലർച്ചെ 02.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിലുള്ളവർ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും തിരികെ കരയ്ക്കടുപ്പിക്കുന്നതും വലിയ അപകടത്തിന് കാരണമാകുമെന്നതിനാൽ അത് പൂർണ്ണമായും ഒഴിവാക്കണം. കൂടാതെ, മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കും കടലിൽ ഇറങ്ങുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.






























