അടിമാലി : വനത്തിനും വന്യജീവികള്‍ക്കും ഭീഷണിയായി മാറുന്നുവെന്ന് ചൂണ്ടിക്കാട്ടി വനപാലകര്‍ വഴിയോര കച്ചവടസ്ഥാപനങ്ങള്‍ നീക്കംചെയ്തു. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലം മുതല്‍ വാളറവരെയുള്ള വഴിയോര കച്ചവട കേന്ദ്രങ്ങളാണ് വനംവകുപ്പ് നീക്കം ചെയ്തത്. നൂറിലേറെ സ്ഥാപനങ്ങളാണ് സ്ഥലത്ത്. ദേശീയപാത അധികൃതര്‍ നിരവധിതവണ നോട്ടീസ് നല്‍കിയും പൊളിച്ചുമാറ്റുകയും ചെയ്‌തെങ്കിലും ഉന്നത ഇടപെടലുകളെ തുടര്‍ന്ന് നിലനിന്നിരുന്ന സ്ഥാപനങ്ങളാണ് ഒറ്റദിവസം കൊണ്ട് വനംവകുപ്പ് നീക്കിയത്. വിനോദസഞ്ചാരികള്‍ ധാരാളമായി എത്തിയിരുന്ന ചീയപ്പാറ വെള്ളച്ചാട്ടത്തിന് ചേര്‍ന്നാണ് കൂടുതലും സ്ഥാപനങ്ങളുണ്ടായിരുന്നത്.
പെട്ടിക്കടകളും ഇതര സാധനങ്ങളും വാളറ ഫോറസ്‌റ്റ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. നേര്യമംഗലം പാലം മുതലുള്ള വിവിധ വഴിയോര കടകളും നീക്കം ചെയ്തിട്ടുണ്ട്. കടകളില്‍നിന്ന് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കളും മറ്റും ഭക്ഷിച്ച് വന്യമൃഗങ്ങള്‍ ചാകുന്നതായി അടിമാലി റേഞ്ച് ഓഫിസര്‍ കെ.രതീഷ്‌കുമാര്‍ പറഞ്ഞു.
മൂന്നാര്‍ ഡി.എഫ്.ഒയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. വഴിയോര വില്‍പന കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വിനോദസഞ്ചാരികള്‍ കുരങ്ങുകള്‍ക്കുള്‍പ്പെടെ ഭക്ഷണസാധനങ്ങള്‍ നല്‍കുന്ന രീതിയുണ്ട്. ഇക്കാരണത്താല്‍ അവ കൂട്ടമായി ദേശീയപാതയോരത്തേക്കെത്തുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തീറ്റ ലഭിക്കുമെന്നായാല്‍ കൂടുതല്‍ വന്യമൃഗങ്ങള്‍ ദേശീയപാത പരിസരത്തേക്കെത്തുന്ന സാഹചര്യമുണ്ടാകുമെന്നും വനംവകുപ്പ് വാദിക്കുന്നു.
പുതുതായി കച്ചവട കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ടോയെന്ന് കണ്ടെത്തുവാന്‍ വനമേഖലയില്‍ നിരീക്ഷണം നടത്തുമെന്നും വനംവകുപ്പ് ഉദ്യോസ്ഥര്‍ വ്യക്തമാക്കി. പ്രതിക്ഷേധവുമായി വ്യാപാരികളും രാഷ്ട്രീയ നേതാക്കളും അടിമാലി: ദേശീയപാതയുടെ നിയന്ത്രണം വനപാലകര്‍ എറ്റെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് റോഡുവക്കിലിരുന്ന പെട്ടിക്കടകള്‍ വനപാലകര്‍ നീക്കിയതെന്ന് വ്യാപാരികളും രാഷ്ട്രീയ നേതൃത്വവും അരോപിച്ചു. ദേശീയപാത വികസനത്തിന് എന്നും വനംവകുപ്പ് എതിരാണ്. റോഡിന്റെ വീതി കൂട്ടുന്നതടക്കം പ്രവൃത്തി നടത്തുമ്പോള്‍ തടസ്സവാദവുമായി വരുന്ന വനപാലകര്‍ പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലെ കടന്നുകയറ്റമാണ് ഇപ്പോള്‍ കണ്ടത്. ഈ സാഹചര്യത്തില്‍ ഇവിടെ സര്‍വേ നടത്തി ദേശീയപാതയുടെ ഭൂമി കൃത്യമായി കണ്ടെത്തി വിട്ടുനല്‍കാന്‍ നടപടി വേണം. രാജഭരണകാലത്ത് തന്നെ 45 മീറ്ററോളം സ്ഥലം റോഡിനായി നീക്കിയിട്ടിട്ടുണ്ടെന്നും ഇതിന്റെ രേഖകള്‍ റവന്യൂ വകുപ്പിന്റെ കൈവശമുണ്ടെന്നും വനപാലകരുടെ ഇത്തരം നടപടിക്കെതിരെ ശക്തമായ നടപടി വേണമെന്നുമാണ് ഇവരുടെ ആവശ്യം.