കാസര്‍കോട് : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ഫീല്‍ഡ് അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍. ചീമേനി വില്ലേജ് ഓഫീസര്‍ കരിവെള്ളൂരിലെ കെവി സന്തോഷ് (49), ഫീല്‍ഡ് അസിസ്റ്റന്റ് മാതമംഗലത്തെ കെസി മഹേഷ് (45) എന്നിവരെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്. പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടത്. പെരിയങ്ങാനം മന്ദച്ചംവയലിലെ നിഷ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് സംഘം വെള്ളിയാഴ്ച ചീമേനി വില്ലേജ് ഓഫീസില്‍ പരിശോധനയ്ക്കെത്തിയത്.
നിഷയുടെ മുത്തശ്ശി ലക്ഷ്മി നികുതിയടച്ചിരുന്ന മന്ദച്ചംവയലിലെ അരയേക്കര്‍ സ്ഥലത്തിന് പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് വില്ലേജ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. 2019 ല്‍ പട്ടയത്തിന് നിഷയുടെ അച്ഛന്‍ ടി.നാരായണന്‍ അപേക്ഷിച്ചിരുന്നു. ഈ വര്‍ഷമാദ്യം നാരായണന്‍ മരിച്ചു. ശേഷം അപേക്ഷയുമായി നിഷ വില്ലേജിലെത്തുകയായിരുന്നു. പട്ടയം നല്‍കാന്‍ ഒന്നര ലക്ഷം രൂപയാണ് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അത്രയും തുക നല്‍കാനില്ലെന്ന് നിഷ അറിയിച്ചതോടെ 50,000 രൂപ വേണമെന്നായി. പിന്നീട് 25,000 രൂപ ആവശ്യപ്പെട്ടു. താലിമാല മാത്രമാണുള്ളതെന്നറിയിച്ചപ്പോള്‍ എങ്കില്‍ അത് വിറ്റ് പണം കൊണ്ടുവരാന്‍ ഇവര്‍ ആവശ്യപ്പെട്ടെന്ന് നിഷ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനാണ് നിഷയുടെ മകന്‍. ഭര്‍ത്താവ് ആശാരിപ്പണിക്കാരനും.
ഭൂമിയളന്ന് സ്കെച്ചടക്കം തയ്യാറാക്കിയെങ്കിലും അതിനിടെ വില്ലേജ് ഓഫീസര്‍ക്ക് സ്ഥലംമാറ്റ ഉത്തരവ് വന്നു. സ്ഥലം മാറിപ്പോകും മുന്‍പ് പട്ടയം അനുവദിക്കാമെന്ന് സന്തോഷ് അറിയിച്ചതിനെത്തുടര്‍ന്നാണ് നിഷ പണവുമായി ഓഫീസിലെത്തിയത്. കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലന്‍സിനെയും അറിയിച്ചിരുന്നു. വിജിലന്‍സ് സംഘം നല്‍കിയ 10,000 രൂപയുമായി വെള്ളിയാഴ്ച വൈകീട്ട് നാലിന് ഓഫീസിലെത്തി കൈമാറുന്നതിനിടെ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘം സന്തോഷിനെയും മഹേഷിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോഴിക്കോട് വിജിലന്‍സ് കോടതിയിലേക്ക് കൊണ്ടുപോയി.