2023 അതിന്റെ അവസാന മാസത്തിലേക്ക് കടന്നിരിക്കുന്നു. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറിന്റെ വരവോടെ പ്രമുഖ ബ്രാൻഡുകൾ എല്ലാം ഇത് ഉൾപ്പെടുത്തി പുത്തൻ സ്മാർട്ട്ഫോൺ ഇറക്കാനുള്ള തിടുക്കത്തിലാണ്. ഐക്യൂവും ഷവോമിയും അടക്കം ചില ബ്രാൻഡുകൾ ഇതിനകം തന്നെ പുതിയ പ്രോസസറുമായി ഫോണിറക്കിക്കഴിഞ്ഞു. വൺപ്ലസ് അടക്കമുള്ള ബ്രാൻഡുകൾ പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ് ഉപയോഗിച്ചുള്ള സ്മാർട്ട്ഫോണുകൾ ഈ മാസം പുറത്തിറക്കും. പുതിയ ചിപ്പിന് പുറമേ മറ്റ് ഫീച്ചറുകൾ കേന്ദ്രീകരിച്ചുള്ള സ്മാർട്ട്ഫോണുകളും പ്രമുഖ ബ്രാൻഡുകൾ ഈ മാസം ആഗോള തലത്തിൽ ലോഞ്ച് ചെയ്യുന്നുണ്ട്. ഡിസംബറിൽ പ്രതീക്ഷിക്കുന്ന ലോഞ്ചുകൾ ഇതാ.
വൺപ്ലസ് 12 5ജി (OnePlus 12 5G): സ്മാർട്ട്ഫോൺ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിൽ ഒന്നാണിത്. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുള്ള വൺപ്ലസിന്റെ ആദ്യ ഫോണായി വൺപ്ലസ് 12 ഡിസംബർ 5ന് ചൈനയിൽ ലോഞ്ച് ചെയ്യപ്പെടും. തുടർന്ന് ജനുവരി 24ന് ഈ ഫോൺ ആഗോള തലത്തിൽ ലോഞ്ച് ചെയ്യും.
റിയൽമി ജിടി 5 പ്രോ ( Realme GT 5 Pro): വൺപ്ലസ് 12 പോലെ തന്നെ ഈ മാസം നടക്കുന്ന മറ്റൊരു ശ്രദ്ധേയ ലോഞ്ച് ആണ് റിയൽമി ജിടി 5 പ്രോ. ഡിസംബർ 7 ന് രാവിലെ 11:30 (IST ) ജിടി 5 പ്രോ ചൈനയിൽ ലോഞ്ച് ചെയ്യും. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ഉപയോഗിക്കുന്ന ആദ്യ റിയൽമി സ്മാർട്ട്ഫോണായിരിക്കും ജിടി 5 പ്രോ.
വിവോ എസ്18 സീരീസ് (Vivo S18 Series): വിവോ എസ്18 സീരീസ് ഈ മാസം ചൈനയിൽ ലോഞ്ച് ചെയ്യും. കഴിഞ്ഞ വർഷത്തെ വിവോ എസ്17 സീരീസിന്റെ വിജയം കണക്കിലെടുത്താണ് പിൻഗാമിയായി പുതിയ സീരീസ് അവതരിപ്പിക്കുന്നത്. വിവോ എസ്18 സീരീസിൽ രണ്ട് സ്മാർട്ട്ഫോണുകളാണ് അവതരിപ്പിക്കപ്പെടുക. വിവോ എസ് 18, വിവോ എസ് 18 പ്രോ എന്നിവയാണ് അവ. എക്സ് സീരീസിൽ നിന്നുള്ള മുൻനിര വിസിഎസ് ക്യാമറകളും ഒഐഎസ് പിന്തുണയുള്ള പോർട്രെയിറ്റ് മെയിൻ ക്യാമറയും എസ്18 സീരീസിലുണ്ടാകും. കൂടാതെ 120 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള കർവ്ഡ് ഒഎൽഇഡി ഡിസ്‌പ്ലേയും എസ്18 സീരീസിൽ അവതരിപ്പിക്കും.