നിങ്ങൾ പുകവലിക്കുന്നവരാണോ? കാഴ്ച്ചയെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളുണ്ടാവാനുള്ള സാധ്യത പുകവലിക്കാരിൽ കൂടുതലാണെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. നമ്മുടെയുള്ളിൽ നിക്കോട്ടിൻ പ്രവേശിക്കുന്നതിലൂടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നു. പുകവലിക്കുന്ന പ്രമേഹരോഗികൾക്ക് ശരീരത്തില്‍ രക്തം നിലനിർത്താൻ ഇൻസുലിൻ ഉയർന്ന അളവിൽ ആവശ്യമാണ്. മാത്രമല്ല ഇത് പ്രമേഹം നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നതിന് പുറമേ ഡയബറ്റിക് റെറ്റിനോപ്പതി വരാൻ കാരണമാകും. എന്നിരുന്നാലും കൃത്യസമയത്ത് രോഗനിർണയം നടത്തിയാൽ, പുകവലി മൂലമുണ്ടാകുന്ന റെറ്റിന രോഗങ്ങൾ തടയാനാവുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
പുകവലിക്കുന്നവര്‍ക്ക് മാക്യുലാര്‍ ഡീജനറേഷന്‍(എഎംഡി) എന്ന നേത്ര രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കണ്ണിന്‍റെ കാഴ്‌ചയെ ഇല്ലാതാക്കുന്ന നേത്ര രോഗമാണ് എഎംഡി. പുകവലി കാരണം കണ്ണിന് ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റ് രോഗങ്ങളാണ് തിമിരം, ഗ്ലോക്കോമ എന്നിവ. പുകവലിക്കാരുടെ കണ്ണിന്‍റെ റെറ്റിന്ക്ക് തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അമിതമായി പുകയില ഉപയോഗിക്കുന്നവരിൽ കണ്‍പോളകളിലെ അസുഖങ്ങള്‍ ഉണ്ടാകാനിടയുണ്ട്. കണ്ണിന് താഴെയുള്ള വീക്കത്തിനും ഇത് കാരണമാകും.
പുകവലിക്കുമ്പോള്‍ ശരീരത്തിന് അകത്തെത്തുന്ന നിക്കോട്ടിന്‍ മാനസികവും ശാരീരികവുമായ അസന്തുലിതാവസ്ഥക്ക് കാരണമാകും. പുകയില ക്യാൻസർ, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്ന കാര്യം പുകവലിക്കുന്നവർക്ക് കൃത്യമായി അറിയാം. ലോകത്ത് പുകയില ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണുള്ളത്. പുകയിലയില്‍ ഏകദേശം 70 ല്‍പരം രാസവസ്‌തുക്കളാണ് അടങ്ങിയിരിക്കുന്നത്. എല്ലാവർക്കും അറിയാവുന്നതുപോലെ വളരെ ആസക്തിയുള്ള നിക്കോട്ടിന്‍ എന്ന രാസവസ്‌തുവാണ് പ്രധാനമായും ഇതില്‍ ഉപയോഗിക്കുന്നത്. ഗ്ലോബൽ അഡൾട്ട് ടുബാക്കോ സർവേ ഇന്ത്യയുടെ കണക്കുപ്രകാരം ഏകദേശം 267 ദശലക്ഷം പേര്‍ പുകയില ഉപയോഗിക്കുന്നുണ്ട്.