ന്യൂഡല്‍ഹി : ഹാത്റസ് സന്ദര്‍ശനത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി സ്‍മൃതി ഇറാനി. ഉത്തര്‍ പ്രദേശിലെ ഹാത്റസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെണ്‍കുട്ടിയുടെ വീട്വീണ്ടും സന്ദര്‍ശിക്കാനായി രാഹുലെത്താനിരിക്കെയാണ് സ്‍മൃതിയുടെ പരാമര്‍ശം. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രാഹുല്‍ ഹാത്റസിലെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ ഹാത്റസ് സന്ദര്‍ശനം വെറും രാഷ്ട്രീയമാണ്, നീതിക്ക് വേണ്ടിയുള്ളതല്ലെന്നാണ് സ്‍മൃതി ഇറാനിയുടെ പരാമര്‍ശം.
കോണ്‍ഗ്രസിന്‍റെ തന്ത്രങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയാം. അതുകൊണ്ടുതന്നെയാണ് 2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ജയം ജനങ്ങള്‍ ഉറപ്പാക്കിയതും. അവരുടെ ഹാത്റസ് സന്ദര്‍ശനം വെറും രാഷ്ട്രീയം മാത്രമാണെന്നും ഇരക്ക് നീതി കിട്ടാന്‍ വേണ്ടിയുള്ളതല്ലെന്നും ജനങ്ങള്‍ മനസിലാക്കുമെന്നും സമൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.