കൊല്ലം : ആര്യങ്കാവിൽ ചന്ദനമരം മുറിച്ച് ഒളിപ്പിച്ച റെയിൽവെ ജീവനക്കാരൻ അറസ്റ്റിൽ. കേസിൽ ഒരു റെയിൽവെ ജീവനക്കാരൻ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തെങ്കാശി സ്വദേശി ചിത്തായി ആണ് വനം വകുപ്പിന്റെ പിടിയിലായത്. ആര്യങ്കാവ് സെക്ഷൻ റെയിൽവേ ട്രാക്ക് മെയ്ന്റനറാണ് ചിത്തായി.
രണ്ടാഴ്ച മുൻപ് ചിത്തായിയും മറ്റൊരു റെയിൽവെ ജീവനക്കാരനായ മുരുകനും ചേർന്ന് ചന്ദന മരം മുറിച്ച് സമീപത്തെ പാലത്തിനടിയിൽ ഒളിപ്പിക്കുകയായിരുന്നെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മുരുകന് വേണ്ടി അന്വേഷണം തുടരുകയാണ്. ആര്യങ്കാവ് കടമാൻ പാറ വന മേഖല സ്വാഭാവിക ചന്ദന തോട്ടം ഉള്ള പ്രദേശമാണ്. ഇവിടെ നിന്നാണ് മരങ്ങൾ മുറിച്ചതെന്നാണ് അനുമാനം. റെയിൽവെ ഉദ്യോഗസ്ഥർക്കു പുറമേ മറ്റ് ചിലരും കേസിൽ പ്രതികളാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.