തിരുവല്ല : തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ പോലീസില്‍ പരാതി. എസ്.എന്‍ ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ നിക്ഷേപകനായ തിരുവല്ല കുറ്റപ്പുഴ സ്വദേശി മോഹന്‍ മാത്യുവാണ് തിരുവല്ല പോലീസില്‍ പരാതി നല്‍കിയത്. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ സദാശിവന്‍, ദിലീപ്, പ്രവീണ, പ്രേണി, പുരുഷോത്തമന്‍ എന്നിവര്‍ക്കെതിരെ തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
2019 ജനുവരി 16 നാണ് പരാതിക്കാരന്‍ തിരുവല്ല എസ്.എന്‍.ഡി.പി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന എസ്.എന്‍ ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചത്. എന്നാല്‍ നാളിതുവരെ പലിശയോ നിക്ഷേപ തുകയോ മടക്കിനല്കിയില്ലെന്നാണ് പരാതി. നിക്ഷേപകന്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കുവാന്‍ പോലീസ് തയ്യാറായില്ല. ഉന്നതരുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായി പരാതിക്കാരന്‍ പറയുന്നു. പോലീസിന്റെ വിമുഖതയെ തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി ഇടപെട്ടാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.