തിരുവനന്തപുരം: പാമ്പിനെ ഇനി വെറുതേ പിടിക്കാനാവില്ല. അതിനും വേണം പഠനം. പഠനം കഴിഞ്ഞ് ലൈസന്‍സും എടുത്താലേ ഇനി പാമ്പിനെ പിടിക്കാന്‍ പറ്റൂ. ഇതിനായി വനംവകുപ്പ് പഠനക്‌ളാസ് തുടങ്ങുകയാണ്. ഉത്ര വധക്കേസിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനം. കേരള ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് അരിപ്പ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ വൈ. മുഹമ്മദ് അന്‍വര്‍ ആയിരിക്കും നോഡല്‍ ഓഫീസര്‍. കേരളത്തിലെ എല്ലാ വനം ഡിവിഷനുകളിലും പാമ്പുപിടുത്തം സംബന്ധിച്ച് ക്‌ളാസുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
തുടക്കത്തില്‍ വനംവകുപ്പിലെ ഡി.എഫ്.ഒ.മുതല്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, വാച്ചര്‍മാര്‍ എന്നിവര്‍ക്കാണ് പ്രവേശനം. തുടര്‍ന്ന് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, പാമ്പ് പിടിത്തത്തില്‍ താത്പര്യമുള്ളവര്‍ എന്നിവര്‍ക്കും പരിശീലനം നല്‍കും. ക്ലാസും പ്രാക്ടിക്കലും ഉണ്ടാകും. വിവിധതരം പാമ്പുകള്‍, ഇവയുടെ സ്വഭാവം, പ്രകൃതിയിലെ ഇടപഴകല്‍ എന്നിവ പഠനവിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസില്‍ പങ്കെടുത്താല്‍ പോരാ നിശ്ചിത മാര്‍ക്കില്‍ പരീക്ഷ പാസാകുകയും വേണം. എന്നാലേ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ.