മാവേലിക്കര: എസ്എൻഡിപി യുണിയനിൽ നിലനിൽക്കുന്ന ഭരണ തർക്കങ്ങളുടേയും ക്രമസമാധാന പ്രശ്നങ്ങളുടേയും അടിസ്ഥാനത്തിൽ ആർഡിഒ വെള്ളാപ്പള്ളി പക്ഷത്തേയും സുഭാഷ് വാസു പക്ഷത്തേയും വിളിച്ചു ചേർത്ത് ചർച്ച നടത്തി. ഇരുകൂട്ടരും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും കോടതിയിൽ നിന്ന് ലഭിക്കുന്ന ഉത്തരവുകൾ ഉടൻ തന്നെ റവന്യു-പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും മാവേലിക്കര താലൂക്ക് ഓഫീസിൽ നടന്ന യോഗത്തിൽ ആർഡിഒ ജി.ഉഷാകുമാരി നിർദ്ദേശം നൽകി.
ഹൈക്കോടതിയിൽ നിന്നും എന്തെങ്കിലും തീരുമാനം വരുന്നത് വരെ ഇരുകൂട്ടരും മിതത്വം പാലിക്കണമെന്നും ആർഡിഒ അഭ്യർത്ഥിച്ചു. യോഗത്തിൽ സുഭാഷു വാസു പക്ഷത്തു നിന്നും സുരേഷ് ബാബു, വെള്ളാപ്പള്ളി പക്ഷത്തുനിന്നും ജയകുമാർ പറപ്പുറത്ത്, അഭിലാഷ്.ഡി, തഹസിൽദാർ എസ്.സന്തോഷ് കുമാർ, മാവേലിക്കര സി.ഐ.ബി.വിനോദ് കുമാർ, ഡപ്യൂട്ടി തഹസിൽദാർ ജി.ബിനു, ജൂനിയർ സൂപ്രണ്ട് അനീഷ് ഈപ്പൻ എന്നിവർ പങ്കെടുത്തു.