പത്തനംതിട്ട : സാമൂഹ്യപ്രവർത്തക ഡോക്ടർ എം എസ് സുനിൽ ഭവനം ഇല്ലാത്ത നിരാലംബർക്ക് നിർമ്മിച്ചു നൽകുന്ന 195 മത്തെ സ്നേഹ ഭവനം ലോക വനിതാ ദിനത്തോടനുബന്ധിച്ച് മണ്ണടി കന്നിമല സുകന്യ ഭവനത്തിൽ വിധവയായ സുശീലക്കും രണ്ട് പെൺകുട്ടികൾക്കുമായി നല്‍കി.
വിദേശ മലയാളിയായ മനോജിന്റെ സഹായത്താലാണ് ഭവനം നിര്‍മ്മിച്ചു നല്‍കിയത്. സുശീലയും രണ്ടു പെൺകുട്ടികളും മകനും ഭാര്യയും അടങ്ങിയ അഞ്ചംഗ കുടുംബം വർഷങ്ങളായി കന്നിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെ ചോർന്നൊലിക്കുന്ന മൺകുടിലിൽ ആയിരുന്നു താമസം. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീട്ടു ചെലവിനുമായി ബുദ്ധിമുട്ടിയിരുന്ന സുശീല ഒരു വീടിനായി മുട്ടാത്ത വാതിലുകളില്ല.
ഇവരുടെ ദയനീയസ്ഥിതി നേരിട്ട് മനസ്സിലാക്കിയ സുനില്‍ ടീച്ചർ ഇവർക്ക് രണ്ട് മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഒരു വീട് നിർമ്മിച്ചു നൽകുകയായിരുന്നു. വീടിന്റെ താക്കോൽ ദാനം ലോക വനിതാ ദിനത്തില്‍ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമൽ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ലിൻഡോ.വൈ., സിന്ധു എസ്., കെ.പി. ജയലാൽ., സന്തോഷ് എം സാം., ലിൻസി വർഗീസ് എന്നിവർ പങ്കെടുത്തു.