പത്തനംതിട്ട : സമൂഹത്തില്‍ ഒറ്റപ്പെടുന്നവര്‍ക്കും നിരാലംബര്‍ക്കും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എല്ലാതരത്തിലുമുള്ള പിന്തുണയും സഹായവും നല്‍കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് സേവനം അവശ്യമായ എല്ലാവരിലേക്കും എത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി മെമ്പര്‍ ചെയര്‍പേഴ്‌സനുമായ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്നു നിലവിലെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമെന്ന് ഉറപ്പാക്കും. സ്‌നേഹിത ജെന്‍ഡര്‍ ഡെസ്‌ക് നല്ലരീതിയില്‍ ഫലപ്രദമായി സങ്കോചം കൂടാതെ ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയണം. ഇവിടെ എത്തുന്നവര്‍ക്ക് ആവശ്യമായ സേവനം ഉറപ്പാക്കുവാനും പ്രത്യേക ശ്രദ്ധ നല്‍കണം. ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ക്കോ ചൂഷണങ്ങള്‍ക്കോ വിധേയരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പിന്തുണയും സഹായവും നല്‍കുക എന്നതാണ് സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രധാന ലക്ഷ്യം. മാനസിക, ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെ നേരിടുന്നവര്‍ക്ക് ആശ്രയ കേന്ദ്രം കൂടിയാണിത്. കോളിംഗ് ബെല്‍ തുടങ്ങിയ സേവനം അര്‍ഹതപ്പെട്ടവര്‍ക്ക് ഉറപ്പാക്കേണ്ടതുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
സ്‌നേഹിതയില്‍ അന്തേവാസികളാകുന്നവര്‍ക്ക് 30 ദിവസം വരെയെങ്കിലും താമസിക്കാന്‍ സൗകര്യമൊരുക്കാന്‍ തദേശസ്വയം ഭരണ വകുപ്പിന് അപേക്ഷ നല്‍കാന്‍ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്ക് ജില്ലാതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദേവന്‍ കെ മേനോന്‍, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ് മോഹനന്‍, കണ്‍വീനറും കുടുംബശ്രീ ജില്ലാ മിഷന്‍ കോ – ഓര്‍ഡിനേറ്ററുമായ എ.മണികണ്ഠന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌നേഹിത ഇന്‍ഫര്‍മേഷന്‍ – എഡ്യൂക്കേഷന്‍ – കമ്മ്യൂണിക്കേഷന്‍ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ് മോഹനന് നല്‍കി പ്രകാശനം ചെയ്തു. ഹെല്‍പ്പ് ഡെസ്‌ക് സേവനം സ്ത്രീകള്‍ക്കും 18 വയസിന് താഴെയുള്ള കുട്ടികള്‍ക്കുമാണ് ലഭ്യമാക്കുന്നത്.
ഹെല്‍പ്പ് ഡെസ്‌ക് സെന്ററില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍
അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിംഗ്. നിയമ സഹായം. 24 മണിക്കൂര്‍ ടെലി കൗണ്‍സിലിംഗ്. അതിക്രമങ്ങളെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയവര്‍ക്കും യാത്രയ്ക്കിടയില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും താത്ക്കാലികമായി അഭയം നല്‍കല്‍. പുനരധിവാസ സഹായം. അതിജീവന – ഉപജീവന മാര്‍ഗനിര്‍ദേശം. മാനസികമായ പിന്തുണ നല്‍കല്‍. വിവിധ പരിശീലനങ്ങള്‍. ബോധവല്‍ക്കരണ പരിപാടികള്‍.