ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്. ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർഥി സമരത്തിനിടയിലാണ് താൻ ഇക്കാര്യം വിലയിരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. സി.ജെ.പി. സ്ഥാപകർ ആഗ്രഹങ്ങളൊന്നുമില്ലാത്ത വിശുദ്ധരല്ലെന്നും അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. യുവനേതാക്കൾക്ക് ഇത്തരം രാഷ്ട്രീയ മോഹങ്ങൾ ഉണ്ടാകുന്നതിൽ തെറ്റില്ലെന്നും കൂടുതൽ യുവാക്കൾ രാഷ്ട്രീയത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഞാൻ അവരെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്.
തീർച്ചയായും അവർക്ക് രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതിൽ തെറ്റായി ഒന്നുമില്ല. തങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് അവർ എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല. ഇത് അവരെക്കുറിച്ചുള്ള എന്റെ വിലയിരുത്തൽ മാത്രമാണ്. ഒന്നും ആഗ്രഹിക്കാത്ത വിശുദ്ധരല്ല അവർ. അവർക്ക് രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് എനിക്ക് ഉറപ്പാണ്, അതിൽ ഒരു തെറ്റുമില്ല.’-പ്രഖർ ഗുപ്തയുടെ പോഡ്‌കാസ്റ്റിൽ വാങ്ചുക് പറഞ്ഞു. സമരത്തിൽ പങ്കുചേരുന്ന സമയത്ത് അഭിജീത് ദിപ്കെ മുൻപ് ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ആളാണെന്ന് പറഞ്ഞ് പല വിമർശകരും തന്നെ സമീപിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മുൻപ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചതിൽ തെറ്റില്ലാത്തതിനാൽ താൻ അത് കാര്യമാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.





























