പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ നടക്കുന്നതായി ചൂണ്ടിക്കാട്ടി വാളയാർ പെൺകുട്ടികളുടെ അമ്മ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി.
തിങ്കളാഴ്ച രാത്രി മുതലാണു ഇത്തരം പ്രചാരണം നടക്കുന്നതെന്നു പരാതിയിൽ സൂചിപ്പിക്കുന്നു. തന്റെ കുട്ടികളുടെ കൊലപാതകം സംബന്ധിച്ച കേസിൽ തന്നെ പ്രതിയായി ചിത്രീകരിച്ചാണ് പോസ്റ്റ് പ്രചരിക്കുന്നത്. തനിക്ക് മാനഹാനി ഉണ്ടാക്കുന്നതിനായി നടത്തുന്ന പ്രചാരണമായി കണ്ട് ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.