തിരുവനന്തപുരം: ഈ സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷമുള്ള നാലാമത്തെ നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങൾക്ക് ഇത് ഊർജ്ജം പകരും. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തിയാണ് കർമ്മ പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ഒക്ടോബർ 22 വരെ സർക്കാരിൻ്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന ഈ നൂറു ദിന കർമ്മ പരിപാടിയിൽ 100 ദിവസംകൊണ്ട് 47 വകുപ്പുകളുടെ 13,013.40 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുവാനാണു ഉദ്ദേശിക്കുന്നത്. ആകെ 1,070 പദ്ധതികൾ നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
13,013.40 കോടി രൂപ അടങ്കലും 2,59,384 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയില്‍ ലക്ഷ്യമിടുന്നു. 706 പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുവാനും 364 പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം/ പ്രഖ്യാപനം 100 ദിന കാലയളവിൽ നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ഉപജീവനത്തിനായുള്ള പദ്ധതികളും പശ്ചാത്തല വികസന പദ്ധതികളും നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 761.93 കോടി ചെലവിൽ നിർമ്മിച്ച 63 റോഡുകൾ, 28.28 കോടിയുടെ 11കെട്ടിടങ്ങൾ, 90.91 കോടി രൂപ ചെലവഴിച്ച് നിർമിച്ച 9 പാലങ്ങൾ ഉൾപ്പെടെ പൂർത്തീകരണം കഴിഞ്ഞ പദ്ധതികൾ പരിപാടിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെടും. 437.21 രൂപ വകയിരുത്തിയ 24 റോഡുകൾ, 81.74 കോടി വരുന്ന 17 കെട്ടിടങ്ങൾ, 77.94 കോടി രൂപ ചെലവ് വരുന്ന 9 പാലങ്ങൾ എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും ഈ നൂറു ദിവസങ്ങൾക്കുള്ളിൽ നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.