ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷനായി വീണ്ടുമെത്തണം എന്ന ആവശ്യം തള്ളി രാഹുൽ ഗാന്ധി. സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേർന്ന ഉന്നതല യോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്. കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. അഞ്ച് മണിക്കൂറാണ് പാര്‍ട്ടി ഉന്നതല യോഗം നടന്നത്.
യോഗത്തില്‍ ഹൈക്കമാൻഡ് നേതാക്കളും തിരുത്തല്‍വാദി നേതാക്കളും പങ്കെടുത്തിരുന്നു. പ്രധാനമായും സംഘടനാ പ്രശ്‌നങ്ങള്‍ തന്നെയാണ് യോഗത്തില്‍ ചര്‍ച്ചയായത്. കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ തോല്‍വി യോഗത്തില്‍ ചര്‍ച്ചയായി. ശക്തമായ നേതൃത്വമില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ആശങ്ക യോഗം പങ്കുവെച്ചു.
ശക്തമായ നേതൃത്വമില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും എന്നതിന് ഉദാഹരണമാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിയെന്നാണ് പല നേതാക്കളും അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ കൃത്യമായ ആത്മപരിശേധന വേണമെന്ന നിലപാടും പലരും മുന്നോട്ട് വെച്ചു. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി വീണ്ടും എത്തണം എന്ന ആവശ്യം നേതാക്കള്‍ മുന്നോട്ടുവെച്ചെങ്കിലും അദ്ദേഹം ഇതിനോട് വിയോജിച്ചു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കട്ടെ താന്‍ തല്‍ക്കാലമില്ല എന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
എന്നാല്‍ സോണിയ ഗാന്ധി തല്‍ക്കാലം അധ്യക്ഷയായി തുടരട്ടെ എന്ന പൊതു അഭിപ്രായത്തിലേക്ക് യോഗം എത്തി. ചില അഴിച്ചു പണികള്‍ പാര്‍ട്ടിയിലുണ്ടായേക്കും. നാലോ അഞ്ചോ ഉപാധ്യക്ഷന്‍മാരെ നിയമിച്ചേക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ തിരുത്തല്‍വാദി നേതാക്കള്‍ ഉന്നയിച്ച 11 നിര്‍ദേശത്തില്‍ ചര്‍ച്ചയുണ്ടായില്ല.