ഉദയ്പൂര്‍ : രാജ്യത്ത് ഭയത്തിന്റെ സാഹചര്യം ഒരുക്കി ഭിന്നിപ്പിക്കാനാണ് ബി ജെ പിയുടെ ശ്രമമെന്നും ഭയത്തോടെ ജീവിക്കാന്‍ ഒരു വിഭാഗം നിര്‍ബന്ധിതമാകുന്നു എന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. രാജസ്ഥാനിലെ ഉദയ്പൂരില്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം ഉദ്ഘാടനം ചെയ്യവേയാണ് ബി ജെ പിക്കും മോദി സര്‍ക്കാരിനുമെതിരെ സോണിയ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
‘മഹാത്മാ ഗാന്ധിയുടെ ഘാതകരെ മഹത്വവല്‍ക്കരിക്കാനാണ് ബി ജെ പിയും കേന്ദ്രവും ശ്രമിക്കുന്നത്. നെഹ്‌റു അടക്കമുള്ള നേതാക്കളുടെ സംഭാവനങ്ങള്‍ തമസ്കരിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. ഭയത്തിന്റെ സാഹചര്യം ഒരുക്കി ഭിന്നിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ധ്രുവീകരണം സൃഷ്ടിക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കാനാണ് ജനങ്ങളുടെ ആഗ്രഹം. വിദ്വേഷ രാഷ്ട്രീയം സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നു. ബി ജെ പിയുടെ വിദ്വേഷ രാഷ്ട്രീയത്തെ എന്തുവിലകൊടുത്തും നേരിടണം. കര്‍ഷക സമരത്തിന്റെ ആവശ്യങ്ങള്‍ ഇനിയും നടപ്പിലായില്ല’- സോണിയ പഞ്ഞു.
ചിന്തന്‍ ശിബിരം ആത്മപരിശോധനയ്ക്കുളള അവസരമാണ്. അഭിപ്രായങ്ങള്‍ തുറന്നുപറയണം പക്ഷേ സംഘടനയുടെ ഐക്യം പരമപ്രധാനമാണ്. ശിബിരത്തിലൂടെ പുതിയ ആത്മവിശ്വാസം നേടണമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ ആവശ്യപ്പെട്ടു. സംഘടനാപരമായി കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നു ദിവസത്തെ നവ് സങ്കല്‍പ് ചിന്തന്‍ ശിബിരം താജ് ആരവല്ലി റിസോര്‍ട്ടില്‍ നടക്കുന്നത്.
രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങി 422 പ്രതിനിധികള്‍ പങ്കെടുക്കും. ആറ് ഉപസമിതികള്‍ തയ്യാറാക്കിയ കരട് പ്രമേയങ്ങള്‍ പ്രതിനിധികള്‍ ചര്‍ച്ച ചെയ്യും. ഞായറാഴ്ച സുപ്രധാന പ്രഖ്യാപനത്തോടെ ശിബിരത്തിന് കൊടിയിറങ്ങും. രാഷ്ട്രീയം, സാമൂഹികനീതി, സാമ്പത്തികം, സംഘടന, കര്‍ഷകര്‍-കൃഷി, യുവജനം-ശാക്തീകരണം എന്നീ വിഷയങ്ങളിലായാണ് ശിബിരത്തില്‍ ചര്‍ച്ചനടക്കുക. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ശിബിരം, അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും രാഹുല്‍ ഗാന്ധിയെ നിര്‍ദ്ദേശിച്ചേക്കും. 2013ല്‍ രാജസ്ഥാനിലെ ജയ്‌പൂരില്‍ നടന്ന സമ്മേളനത്തിലാണ് രാഹുലിനെ ഉപാദ്ധ്യക്ഷനാക്കിയത്.