കോട്ടയം : കോട്ടയം പാലായിൽ മകന്റെ ശരീരത്തിൽ അച്ഛൻ ആസിഡൊഴിച്ചു. പാലാ കാഞ്ഞിരത്തുംകുന്നേൽ ഷിനുവിന്റെ ദേഹത്താണ് അച്ഛൻ ഗോപാലകൃഷ്ണൻ ആസിഡൊഴിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഇരയായ 31കാരനായ ഷിനു അത്യാസന്ന നിലയിൽ ചികിത്സയിലാണ്.
കുടുംബകലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ അച്ഛനും മകനും തമ്മിൽ വഴക്കുണ്ടായി. ശേഷം ഷിനു ഉറങ്ങാൻ പോയി. പിന്നീടാണ് ഗോപാലകൃഷ്ണൻ ആസിഡ് ഷിനുവിന്റെ ദേഹത്തൊഴിച്ചത്. എവിടെ നിന്നാണ് ഇയാൾക്ക് ആസിഡ് ലഭിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിന് പിന്നാലെ സ്കൂട്ടറെടുത്ത് ഗോപാലകൃഷ്ണൻ ഒളിവിൽ പോയി. പോലീസ് പിന്നീട് മഫ്തിയിൽ നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഷിനു അപകട നില തരണം ചെയ്തിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇയാൾ ചികിത്സയിൽ കഴിയുന്നത്. ഏറ്റുമാനൂർ മജിസ്ട്രേറ്റ് ഷിനുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.