തിരുപ്പതി : ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വന്‍ തുക ചോദിച്ചത് നല്‍കാന്‍ കഴിവില്ലാത്തതിനാല്‍ മകന്റെ മൃതദേഹവുമായി അച്ഛന്‍ ബൈക്കില്‍ യാത്ര ചെയ്തത് തൊണ്ണൂറ് കിലോമീറ്റര്‍. തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര രാംനാരായണന്‍ റൂയ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് സംഭവം. ചൊവ്വാഴ്‌ച്ച പുലര്‍ച്ചെ രണ്ടിന് മകന്‍ മരിച്ചതറിഞ്ഞ് അദ്ദേഹം ബന്ധുക്കള്‍ വഴി ആംബുലന്‍സ് ഏര്‍പ്പെടുത്തി. എന്നാല്‍ പുറത്തുനിന്നുളള ആംബുലന്‍സില്‍ മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അനുവദിച്ചില്ല.
എന്നാല്‍ ഇവിടുത്തെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പിതാവിനോട് ആവശ്യപ്പെട്ടതാകട്ടെ ഭീമമമായ തുകയുമാണ്. കൂലി താങ്ങാന്‍ അദ്ദേഹത്തെകൊണ്ട് സാധിക്കില്ലായിരുന്നു. തുടര്‍ന്ന് അദ്ദേഹം മകന്റെ ശരീരം ബൈക്കില്‍ 90 കിലോമീറ്റര്‍ അകലെയുളള അന്നമയ്യ ജില്ലയിലെ ഗ്രാമത്തിലെ വീട്ടില്‍ എത്തിച്ചു.”തിരുപ്പതിയിലെ ആശുപത്രിയില്‍ മരിച്ച നിരപരാധിയായ കൊച്ചു ജീവനെ ഓര്‍ത്ത് എന്റെ ഹൃദയം വേദനിക്കുന്നു. ഒരിക്കലും വരാത്ത ആംബുലന്‍സ് ക്രമീകരിക്കാന്‍ ആ പിതാവ് അധികാരികളോട് അഭ്യര്‍ത്ഥിച്ചു. മോര്‍ച്ചറി വാനുകള്‍ കിടന്നിട്ടും അവഗണന ” സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് മുന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ട്വീറ്റ് ചെയ്തു. സംഭവം വിവാദമായതോടെ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.