കൊല്ലം : ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്റെ നടപടി വിവാദത്തില്‍. അദ്ദേഹം കൊല്ലം കലക്‌ട്രേറ്റിലെത്തി ധര്‍ണയില്‍ പങ്കെടുത്തതാണ് വിവാദമായത്. ആശാപ്രവര്‍ത്തകർക്ക് ഉള്‍പ്പെടെ നാല് പേര്‍ക്ക് രോഗം ബാധിച്ച ചാത്തന്നൂര്‍ മേഖലയിലാണ് ശൂരനാട് രാജശേഖരന്റെ വസതി. കൊവിഡ് ഉറവിടം കണ്ടെത്താത്തിനാല്‍ ഈ പഞ്ചായത്ത് ട്രിപ്പിള്‍ ലോക്ഡൗണിലാണ്. ഇത് മറികടന്ന് മത്സ്യതൊഴിലാളി കോണ്‍ഗ്രസിന്റെ ധര്‍ണയില്‍ പങ്കെടുക്കാനാണ് അദ്ദേഹം കൊല്ലം കളക്‌ട്രേറ്റിലെത്തിയത്.
കെ.പി.സി.സി പ്രസിഡന്‍റിനെ വിവരം ധരിപ്പിച്ചിരുന്നെന്നും തന്റെ ലെറ്റര്‍പാഡില്‍ എഴുതിയ കത്ത് കാണിച്ചാണ് താന്‍ എത്തിയതെന്നും പോലീസിനെ ഇക്കാര്യം ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേസെടുക്കുന്നെങ്കില്‍ എടുക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ധര്‍ണ. ലോക്ഡൗണ്‍ ലംഘനത്തിന് അദ്ദേഹത്തിനെതിരെ വെസ്റ്റ് പോലീസ് കേസെടുക്കുമെന്നാണ് സൂചന.