മാഡ്രിഡ്: വീട്ടുജോലികള്‍ പങ്കാളികള്‍ തുല്യമായി പങ്കിട്ടെടുക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സ്‌പെയിന്‍ പുതിയ ആപ്പ് പരീക്ഷിക്കുന്നു. വനിതകള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കാനുള്ള യു.എന്നിന്റെ സമിതിയില്‍ വെച്ച് ലിംഗസമത്വത്തിന് വേണ്ടിയുള്ള മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥ ആന്‍ജല റോഡ്രിഗസാണ് പ്രഖ്യാപനം നടത്തിയത്. ഈ ആപ്പില്‍ വീട്ടിലെ ഓരോരുത്തരും വീട്ടു ജോലികള്‍ക്കായി ചെലവഴിക്കുന്ന സമയം വരെ എളുപ്പത്തില്‍ രേഖപ്പെടുത്താന്‍ സാധിക്കും -റോഡ്രിഗസ് പറഞ്ഞു.
ഈ വേനലില്‍ ആപ്പ് പുറത്തിറക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ജനീവയില്‍ സ്ത്രീകളോടുള്ള വിവേചനം ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌പെയിനിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കണ്‍വെന്‍ഷനില്‍ മന്ത്രി അവതരിപ്പിച്ചു. സ്‌പെയിനിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സര്‍വേ പ്രകാരം, ഭൂരിഭാഗം വീട്ടുജോലികളും തങ്ങളാണ് നിര്‍വ്വഹിക്കുന്നതെന്നാണ് 45.9 ശതമാനം സ്ത്രീകളും പറയുന്നത്. 14.9 ശതമാനം പുരുഷന്‍മാര്‍ മാത്രമാണ് വീട്ടുജോലികള്‍ ഭൂരിഭാഗവും തങ്ങള്‍ നിര്‍വ്വഹിക്കുന്നുവെന്ന് വ്യക്തമാക്കിയത്.