ദില്ലി: രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് റിസര്‍വ് ബാങ്ക്. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍ബിഐ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും ആകാം. സെപ്റ്റംബര്‍ 30നകം 2000 രൂപ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം. ഒരു തവണ 20,000 രൂപ വരെ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാം. ഇടപാടുകളില്‍ 2000 രൂപ നോട്ടുകളുടെ ഉപയോഗം കുറഞ്ഞതായാണ് ആര്‍ബിഐയുടെ വിശദീകരണം.
2018-2019 നു ശേഷം 2000 നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. നിലവിലുള്ള 2000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും 2017 മാര്‍ച്ചിന് മുമ്പ് പുറത്തിറക്കിയതാണ്. 4-5 വര്‍ഷമായിന്നു നോട്ടിന് കണക്കാക്കിയിരുന്ന ആയുസ്സ്. കൂടാതെ, 2000 വിപണിയില്‍ സാധാരണയായി ഉപയോഗിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. വിപണിയില്‍ നിന്ന് പിന്‍വലിച്ചാലും 2000 രൂപയുടെ നിയമപരമായ സാധുത നിലനില്‍ക്കും. സാധാരണ ഇടപാടുകള്‍ക്ക് 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. പൊതുജനങ്ങള്‍ക്ക് അവരുടെ ദൈനംദിന ഇടപാടുകളില്‍ 2000 രൂപാ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. എന്നിരുന്നാലും, 2023 സെപ്റ്റംബര്‍ 30-നോ അതിനുമുമ്പോ ഈ നോട്ടുകള്‍ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യാം.
2,000 രൂപ നോട്ടുകള്‍ മാറ്റാനും നിക്ഷേപിക്കാനും ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍, വികലാംഗര്‍ തുടങ്ങിയവര്‍ക്കുള്ള അസൗകര്യം കുറയ്ക്കാന്‍ ക്രമീകരണങ്ങള്‍ ചെയ്യാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആര്‍ബിഐ അറിയിച്ചു. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് ഏത് ബാങ്ക് ശാഖയിലും ഒരേ സമയം 20,000 രൂപ വരെ 2000 രൂപ നോട്ടുകള്‍ മാറ്റാം. എക്സ്ചേഞ്ച് സൗകര്യം ലഭിക്കുന്നതിന് പൊതുജനങ്ങള്‍ യാതൊരു വിധ ഫീസും നല്‍കേണ്ടതില്ലെന്നും ആര്‍ബിഐ അറിയിച്ചു.