പത്തനംതിട്ട : ശബരിമല മണ്ഡല – മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ നിൽക്കാതെ ദർശനം നടത്തുന്നതിന് പ്രത്യേക പാസും സൗകര്യവും ഏർപ്പെടുത്തണമെന്ന നിര്‍ദ്ദേശം പരിഗണിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടർ എ.നിസാമുദ്ദീന്‍ റവന്യു (ദേവസ്വം – എ) സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. തിരുവല്ല സ്വദേശി അക്ഷയ് എ. വടക്കുമുറിയിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. 2016-ലെ ആര്‍.പി.ഡബ്ല്യു.ഡി ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും ഭിന്നശേഷിക്കാർക്ക് അര്‍ഹമായ പരിഗണനയും സൌകര്യങ്ങളും ഉറപ്പാക്കേണ്ടതുണ്ടെന്നും ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് നിലവിലുള്ള നീണ്ട ക്യൂവും കനത്ത തിരക്കും കാരണം ദര്‍ശനം നടത്തുന്നത് ശാരീരികമായി അതീവ പ്രയാസകരമാണെന്നും പ്രത്യേകിച്ച് മണ്ഡലപൂജ കാലയളവില്‍ നിലവിലുള്ള ക്രമീകരണങ്ങള്‍ ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അക്ഷയ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2016-ലെ ആര്‍.പി.ഡബ്ല്യു.ഡി ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം ശബരിമലയില്‍ മണ്ഡലപൂജ വേളകളില്‍ ദര്‍ശനത്തിനെത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് ക്യൂ നില്‍ക്കാതെ വേഗത്തില്‍ ദര്‍ശനം നടത്തി മടങ്ങുന്നതിന് ആവശ്യമായ പ്രത്യേക പാസും സൗകര്യവും ഏര്‍പ്പെടുത്തണമെന്നും ഭിന്നശേഷി സൗഹൃദപരമായ അന്തരീക്ഷം ശബരിമലയില്‍ ഉറപ്പാക്കണമെന്നും അക്ഷയ് അപേക്ഷയിലൂടെ ആവശ്യപ്പെട്ടിരുന്നു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഉചിതമായ തുടർ നടപടികള്‍ സ്വീകരിക്കുന്നതിന് റവന്യു (ദേവസ്വം-എ) സെക്രട്ടറിക്ക് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അംഗീകാരം ലഭിക്കുന്നതോടെ ഭിന്നശേഷിക്കാർക്ക് ശബരിമല ദർശനം കൂടുതല്‍ ആയാസരഹിതമാകും.






























