വാളയാര്‍ : വാളയാര്‍ കേസ് അന്വേഷിക്കുന്ന നിശാന്തിനി ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചു. സര്‍ക്കാര്‍ ഹര്‍ജി അംഗീകരിച്ച് ഹൈക്കോടതി പുനര്‍ വിചാരണക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ആദ്യമായാണ് വാളയാറിലെത്തുന്നത്. പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ പഴയ വീടും അടുത്ത പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ചു. പെണ്‍കുട്ടികളുടെ അമ്മയില്‍ നിന്നും സമര സമിതി നേതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
വിചാരണ കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയതിന് പിന്നാലെ കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷണം തുടരും. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന റെയില്‍വേ എസ്.പി നിശാന്തിനി ഐ.പി.എസ്, കോഴിക്കോട് ഡി.സി.പി ഹേമലത ഐ.പി.എസ് , പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി എ .എസ് രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടികളുടെ വീട്ടിലെത്തിയത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജനുവരി 26 മുതല്‍ പെണ്‍കുട്ടികളുടെ അമ്മയുടെ നേതൃത്വത്തില്‍ തുടങ്ങിയ സത്യാഗ്രഹ സമരം തുടരുകയാണ്.