തിരുവനന്തപുരം: ജോലിക്കായോ പഠന ആവശ്യങ്ങള്‍ക്കായോ വിദേശത്ത് പോകുന്നവര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ പ്രത്യേക പരിഗണന നല്‍കും. വിദേശ രാജ്യങ്ങളില്‍ അംഗീകാരമുള്ള കൊവിഷീല്‍ഡ് വാക്‌സിന്‍ തന്നെ പ്രവാസികള്‍ക്ക് നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
പ്രവാസികള്‍ക്ക് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കാനും തീരുമാനമായി. ആദ്യ ഡോസ് കുത്തിവെയ്പ്പ് സ്വീകരിച്ച് കഴിഞ്ഞ് നാല് മുതല്‍ ആറ് ആഴ്ച വരെ കഴിഞ്ഞവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. അവധിക്കും മറ്റും നാട്ടിലെത്തി തിരികെ പോകേണ്ടി വരുന്ന പ്രവാസികള്‍ക്ക് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഇളവു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സംസ്ഥാനം വിലകൊടുത്തുവാങ്ങിയ വാക്‌സിനായിരിക്കും പ്രവാസികള്‍ക്കും വിദേശത്ത് പഠന ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്കും വിതരണം ചെയ്യുക. പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയ പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് നല്‍കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും ഇതിന്റെ ചുമതല. പ്രത്യേക ആനുകൂല്യങ്ങള്‍ക്കായി വിദേശത്ത് തൊഴില്‍ ചെയ്യുന്നതിന്റെയും, വിസ, അഡ്മിഷന്‍ രേഖകളും ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം.