ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ രാജസ്ഥാനിലും പഞ്ചാബിലും കുടുങ്ങിപ്പോയ മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ കേരളത്തിലേക്കു പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്താന്‍ രാജസ്ഥാന്, പഞ്ചാബ് സര്‍ക്കാരുകള്‍ സന്നദ്ധത അറിയിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. രാജസ്ഥാന്, പഞ്ചാബ് സര്‍ക്കാരുകളാണ് 1450 യാത്രക്കാര്‍ വീതമുള്ള ട്രെയിനിന്റെ ചെലവ് പൂര്‍ണമായും വഹിക്കുക.
നടപടികള്‍ പൂര്‍ത്തിയായാല്‍ മേയ് 19, 20 തീയതികളിലായി യാത്ര പുറപ്പെടാന്‍ ട്രെയിനുകള്‍ സജ്ജമാണെന്ന് ഇരു സംസ്ഥാനത്തെയും മുഖ്യമന്ത്രിമാര്‍ അറിയിച്ചതായി വേണുഗോപാല്‍ പറഞ്ഞു. രാജസ്ഥാനില്‍ നിന്നുള്ള ട്രെയിന്‍ ജയ്പൂര്‍, ചിറ്റോര്‍ഗഡ് എന്നിവടങ്ങളില്‍ നിന്നു പുറപ്പെട്ട് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ യാത്രക്കാരെ എത്തിക്കും. പഞ്ചാബില്‍ നിന്നുള്ള ട്രെയിന്‍ ജലന്ധറില്‍ നിന്നും ആരംഭിച്ചു പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാകും മലയാളികളെ എത്തിക്കുക.
രാജസ്ഥാനിലും പഞ്ചാബിലുമായി പലയിടങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, അമരീന്ദര്‍ സിംഗ് എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് അനുകൂല തീരുമാനമെന്ന് വേണുഗോപാല്‍ പറഞ്ഞു. വിദ്യാര്‍ഥികളെയും അവശത അനുഭവിക്കുന്നവരെയും സൗജന്യമായി സ്വന്തം നാടുകളിലെത്തിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും പിസിസികളും നടപടി സ്വീകരിക്കണമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശിച്ചിരുന്നു.
കോവിഡ് മഹാമാരിയുടെ കാലത്തു കാരുണ്യത്തിന്റെ ഉദാത്തമായ മാതൃക കാട്ടിയതിന് ഇരുമുഖ്യമന്ത്രിമാര്‍ക്കും നന്ദി അറിയിക്കുന്നതായി വേണുഗോപാല്‍ പറഞ്ഞു.