ബെംഗളൂരു: ഓണത്തിന് നാട്ടിൽ വരാനിരിക്കുന്ന മലയാളികൾക്ക് ആശ്വാസമായി ഒരു സ്പെഷ്യൽ ട്രെയിൻ കൂടി ഏർപ്പെടുത്തി. സെപ്തംബർ 13ന് ഹുബ്ബള്ളിയിൽ നിന്ന് കൊച്ചുവേളിയിലേക്കാണ് പ്രത്യേക തീവണ്ടി ഏർപ്പെടുത്തിയത്. റിസർവേഷൻ ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ 6.55ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.10ന് ട്രെയിൻ ബെഗളൂരുവിലെത്തും. ശനിയാഴ്ച രാവിലെ 6.45നാണ് കൊച്ചുവേളിയിലെത്തുക. കൊച്ചുവേളിയിൽ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.50ന് തിരികെ ഹുബ്ബള്ളിയിലേക്കും യാത്ര തിരിക്കും. മറുനാടൻ മലയാളികളെ സംബന്ധിച്ച് ഓണക്കാലത്ത് നാട്ടിലേക്കുള്ള യാത്ര ഏറെ വളരെ പ്രയാസമാണ്. ടിക്കറ്റുകളെല്ലാം മാസങ്ങൾക്ക് മുൻപേ തീരും.
ഓണക്കാലത്ത് വിമാന ടിക്കറ്റ് നിരക്കും ഇരട്ടിയിലേറെ ആവാറുണ്ട്. സ്വകാര്യ ബസ്സുകളാകട്ടെ തോന്നുംപോലെയാണ് ടിക്കറ്റിന് ഈടാക്കുക. പ്രത്യേക ട്രെയിൻ അനുവദിച്ചത് ബെംഗളൂരു മലയാളികളെ സംബന്ധിച്ച് ആശ്വാസമാണ്. അതേസമയം നാട്ടിലെത്താൻ വഴിയില്ലാതെ കഷ്ടപ്പെടുകയാണ് മുംബൈയിലെ മലയാളികൾ. ഓണത്തിന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനോ കൂടുതല്‍ ബോഗികളോ അനുവദിക്കണമെന്നാണ് ആവശ്യം. വിമാന ടിക്കറ്റ് രണ്ട് ഇരട്ടിയിലേറെ വർധിച്ചതും ട്രെയിന്‍ ടിക്കറ്റ് കിട്ടാതായതും ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
നാലായിരത്തില്‍ താഴെയായിരുന്ന വിമാന ടിക്കറ്റ് ഇപ്പോള്‍ പതിനായിരത്തോടടുത്തു. ആകെയുള്ള ആശ്വാസം ട്രെയിനായിരുന്നു. അതിലിപ്പോള്‍ സീറ്റുമില്ല. മുംബൈയില്‍ നിന്നും കേരളത്തിലേക്ക് ദിവസവുമുള്ളത് ഒരു ട്രെയിന്‍ മാത്രം. ആഴ്ചയില്‍ പല ദിവസങ്ങളിലായി നാലു ട്രെയിനുകള്‍ വേറെയുമുണ്ട്. അതിലെല്ലാം മാസങ്ങൾക്ക് മുൻപേ ബുക്കിംഗ് കഴിഞ്ഞിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മുംബൈ വഴി പോകുന്ന മറ്റ് ട്രെയിനുകളിലാണെങ്കില്‍ സീറ്റുമില്ല. ഇങ്ങനെ പോയാല്‍ ഇത്തവണത്തെ ഓണത്തിന് എങ്ങനെ നാട്ടിലെത്തുമെന്നാണ് മലയാളികളുടെ ചോദ്യം