ആലപ്പുഴ : കലവൂരിന് സമീപം വളവനാട് ദേശീയപാതയില്‍ സ്പിരിറ്റ് ലോറി മറിഞ്ഞു. രാവിലെ 11മണിയോടെ ഉത്തര്‍ പ്രദേശില്‍ നിന്ന് മാന്നാര്‍ ഷുഗര്‍ ഫാക്ടറിയിലേക്ക് സ്പിരിറ്റുമായി പോയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് ലോറി ഡ്രൈവറും ഒരു എക്‌സൈസ് ഉദ്യോഗസ്ഥനുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇരുവരെയും ചെറിയ പരിക്കുകളോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ലോറിയില്‍ നിന്ന് സ്പിരിറ്റ് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. 30,000 ലിറ്റര്‍ സ്പിരിറ്റാണ് ഉണ്ടായിരുന്നത് എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭ്യമായ വിവരം. ടാങ്കറിലെ പ്രഷര്‍ നിയന്ത്രിക്കാന്‍ അഗ്‌നിശമന സേനയുടെ 2 യൂണിറ്റ് എത്തി വെള്ളം ഒഴിച്ച് തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഗ്‌നിശമന സേന, പോലിസ്, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായാണ് സ്ഥലത്തെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.