തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി കായികമന്ത്രി ഒ.ജെ ജനീഷ്. ഇത് റിയാലിറ്റി ഷോ പോലെ മത്സരം നടത്തി ഇനാം പ്രഖ്യാപിക്കേണ്ട വിഷയമല്ലെന്നും രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമുണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു. ‘ആക്ഷേപം തുടങ്ങുന്നത് തന്നെ ആർബിസിഎസ് സ്പോൺസർ ആക്കിയതിൽ വ്യക്തമായ അന്വേഷണം നടന്നില്ലെന്നത് കൊണ്ടുതന്നെയാണ്. മുൻകാലങ്ങളിൽ ഇവന്‍റുകൾ നടത്തി പരിചയമുള്ള കമ്പനികളെയാണോ ചുമതലയേൽപ്പിച്ചതെന്നുള്ള പരിശോധന നടന്നിട്ടില്ല. അതുതന്നെയാണ് ഈ ഫയലുകളിലെ ഏറ്റവും വലിയ അവ്യക്തത. ഇവന്‍റ് നടന്നതിന് ശേഷമുള്ള കാര്യങ്ങൾ സംബന്ധിച്ചും വ്യക്തതയില്ല. കരാറിലും ഇത് സംബന്ധിച്ച വിവരങ്ങൾ ഉണ്ടായിരുന്നില്ല’. ജനീഷ് വിശദമാക്കി.
ആസ്ട്രേലിയയുമായുള്ള കരാർ സംബന്ധിച്ച് പരിശോധനയിലിരിക്കുന്ന ഫയലുകൾ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പറയുന്നത് ശരിയല്ലെന്നും ആദ്യകത്തിടപാട് നടക്കുന്നത് മുതൽ അവസാനഘട്ടം വരേയ്ക്കും ഒരു പ്രൊസീജറും പാലിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ‘ഉദ്യോഗസ്ഥർക്ക് മുകളിലും സമ്മർദം ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്. മുൻ സർക്കാരിനെ സംബന്ധിച്ച് വ്യക്തിപരമായ താൽപര്യമല്ല, മറിച്ച് രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടായിരുന്നോയെന്നാണ് പരിശോധിക്കുന്നത്. ഐഎഎസ് തലപ്പത്തെ തർക്കങ്ങളാണ് ഈ അന്വേഷണത്തിന് പിന്നിലെന്ന വാദങ്ങൾക്ക് കഴമ്പില്ല’ മന്ത്രി വ്യക്തമാക്കി.






























