മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത് ലീഗ് രംഗത്ത്. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ ഉമര്‍ ഫൈസി പ്രചരിപ്പിക്കുന്നു എന്നായിരുന്നു യൂത്ത് ലീഗിന്റെ പ്രതികരണം. മുശാവറ അംഗം എന്ന പദവി സ്വാര്‍ത്ഥ താല്പര്യത്തിനായി ദുരുപയോഗം ചെയ്യുന്നു എന്നും ആരോപിക്കുന്നുണ്ട്. ഉമര്‍ ഫൈസിക്കെതിരെ സമസ്ത നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.വഖഫ് വിഷയത്തിലടക്കം സംസ്ഥാന സര്‍ക്കാരിനെയും മുസ്ലിം ലീഗിനെയും സിപിഐഎം വേദിയില്‍ വെച്ച് ഉമര്‍ ഫൈസി മുക്കം വിമര്‍ശിച്ചതാണ് നിലവിലെ വിവാദങ്ങള്‍ക്ക് കാരണം.
അമുസ്ലിം പ്രതിനിധികളെ വെക്കാത്തതിനാല്‍ വഖഫ് ബോര്‍ഡ് പൂര്‍ണ്ണമല്ലെന്നും അത് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഷോണിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചെന്നായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനം.രണ്ട് ആര്‍എസ്എസുകാരെ തന്നെ ഉള്‍പ്പെടുത്തിക്കൊണ്ട് ഈ വിഷയം പരിഹരിച്ചു കൊള്ളാം എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. മുസ്ലിംലീഗിന്റെ വകുപ്പാണത്. ആ വകുപ്പിലെ അഭിഭാഷകനാണ് കോടതിയില്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും ഉമര്‍ഫൈസി കുറ്റപ്പെടുത്തിയിരുന്നു. മലപ്പുറത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഐഎം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനം.
ഇത്തരമൊരു നിലപാട് സര്‍ക്കാര്‍ സ്വീകരിക്കാന്‍ കാരണം ഹംസയും താനുമാണെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞിരുന്നു. ‘കെ എസ് ഹംസയെ അവര്‍ക്ക് തൃപ്തികരമല്ല. പിന്നെയുള്ള സഖാവ് ഉമര്‍ ഫൈസിയാണ്. ഇത് ഞാന്‍ പറയുന്നതല്ല. സഖാവാണെന്ന് അവരാണ് പറയുന്നത്. ഞങ്ങളുള്ള ബോര്‍ഡ് വേണ്ട എന്നാണ് അവരുടെ തീരുമാനം. മതപരമായ മൂല്യങ്ങള്‍ എന്തായിരുന്നാലും ശരി അത് തകര്‍ന്നാലും തരക്കേടില്ല ഹംസയും ഉമര്‍ ഫൈസയും മാറണം. അതിന് ഷോണ്‍ ജോര്‍ജിനെ പിന്തുണച്ചാലും തരക്കേടില്ല, ആര്‍എസ്എസിനെ കൂടെക്കൂട്ടിയാലും തരക്കേടില്ല’ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും സിപിഐഎം വേദിയില്‍ സംസാരിക്കവെ ഉമര്‍ ഫൈസി മുക്കം വിമര്‍ശിച്ചിരുന്നു.































