തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്വകാര്യ വെബ്സൈറ്റായ സ്പ്രിങ്ക്ളറിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യത്തില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഐ.ടി വകുപ്പിനോട് ചോദിക്കണം. ഞാന്‍ പറയുന്നതല്ല ശരി. തനിക്കതിന് പിറകെ പോകാന്‍ സമയമില്ല. അതൊക്കെ ആദ്യമേയുള്ള തീരുമാനത്തിന്റെ ഭാഗമായുള്ളതാണ്. ഇക്കാര്യത്തില്‍ മറ്റു സംശയങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രിപറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്വകാര്യ വെബ്സൈറ്റായ സ്പ്രിങ്ക്ളറിന് നല്‍കേണ്ടെന്ന് പഞ്ചായത്ത് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയതായി വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ നിര്‍ദേശത്തിനുശേഷവും വിവരങ്ങള്‍ പ്രസ്തുത വെബ്സൈറ്റിലേക്കാണ് കയറുന്നതെന്ന് ആരോപണമുണ്ട്. ഇടപാടിലെ സുപ്രധാന വിവരങ്ങള്‍ മുഖ്യമന്ത്രി മറച്ചുവെക്കുന്നതായും തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നതായും നേരത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.