തിരുവനന്തപുരം : സ്പ്രിംക്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണ സമിതിയെ വച്ചത് അസാധാരണമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും എല്ലാ വാദങ്ങളേയും പൊളിച്ചടുക്കുന്നതാണ് ആദ്യം നിയോഗിച്ച മാധവന്‍ നമ്പ്യാര്‍ റിപ്പോര്‍ട്ട്. സ്പ്രിംക്ലര്‍ ഇടപാട് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിറ്റി സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കൊണ്ടാണ് ആ റിപ്പോര്‍ട്ട് പുറത്തുവിടാതെ മറ്റൊരു കമ്മിറ്റിയെ ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. ഇത് അസാധാരണമായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു. മുന്‍ നിയമസെക്രട്ടറി കെ.എസ്.ശശിധരന്റെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി. മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അട്ടിമറിക്കാനാണ് മറ്റൊരു കമ്മിറ്റിയെ കൊണ്ടുവന്നത്.
സര്‍ക്കാരിന് അനുകൂലമായ ഒരു റിപ്പോര്‍ട്ട് വരണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ആദ്യ കമ്മിറ്റി പരിഗണിച്ച കാര്യങ്ങള്‍ തന്നെയാണ് പുതിയ കമ്മിറ്റിയും പരിഗണിക്കുന്നത്. അത് സ്വീകാര്യമല്ല. ആദ്യ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടണം. ജനങ്ങള്‍ അത് ചര്‍ച്ച ചെയ്യട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോവിഡ് പ്രതിരോധവുമായി നേരിട്ട് ബന്ധമുള്ള ആരോഗ്യ വകുപ്പുമായോ നിയമ വകുപ്പുമായോ ഒരു തരത്തിലും കൂടിയാലോചന നടത്തിയല്ല കാര്യങ്ങള്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ഇടപെട്ട പദ്ധതികളില്‍ പ്രധാനപ്പെട്ടതായിരുന്നു സ്പ്രിംക്ലര്‍. പ്രതിപക്ഷമാണ് കോടികളുടെ ഡാറ്റാ ഇടപാട് പൊളിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.