പത്തനംതിട്ട : ശബരിമല സന്നിധാനത്ത് വ്യാപാര സ്ഥാപനങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും വീഴ്ച വരുത്തിയവര്‍ക്ക് 15,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് നല്‍കിയിട്ടുള്ള കുത്തകയ്ക്ക് വിരുദ്ധമായോ, അളവ് തൂക്കങ്ങള്‍ക്ക് വിരുദ്ധമായോ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് ആര്‍. സുമീതന്‍ പിള്ള പറഞ്ഞു.
സന്നിധാനം മുതല്‍ ചരല്‍മേട് വരെയുള്ള 17 കടകളിലാണ് പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തിയത്. വിവിധ ക്രമക്കേടുകളില്‍ അഞ്ച് കേസെടുത്തു. മൂന്ന് എണ്ണത്തില്‍ അളവ് തൂക്ക കൃത്രിമത്തിന് പിഴ ചുമത്തി. എക്സിക്യുട്ടീവ് മജിസ്ട്രേട്ടുമാരായ കെ. സുനില്‍കുമാര്‍, എം.കെ. അജികുമാര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരായ എ .സി സന്ദീപ് നാരായണന്‍കുട്ടി, വില്ലേജ് ഓഫീസര്‍ പ്രദീപ് .എം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജയ്കുമാര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍ ആര്‍. രാജേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.